| Saturday, 8th June 2024, 4:28 pm

മുംബൈയില്‍ അനധികൃത കയ്യേറ്റം ആരോപിച്ചുള്ള പൊളിച്ചുമാറ്റല്‍; പ്രതിഷേധിച്ച 200 ലേറെ വരുന്ന പ്രദേശവാസികളെ അറസ്റ്റ് ചെയ്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അനധികൃത കയ്യേറ്റ ശ്രമം ആരോപിച്ച് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ( ബി.എം.സി ) നടത്തുന്ന പൊളിച്ചു മാറ്റല്‍ നടപടിക്കെതിരെ പ്രതിഷേധിച്ച 200 ലധികം വരുന്ന പ്രദേശവാസികള്‍ക്കെതിരേ കേസെടുത്ത് പൊലീസ്. 57 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വ്യാഴാഴ്ച ജയ് ഭീം നഗര്‍ ചേരിയില്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഉദ്യോഗസ്ഥരും പൊലീസുകാരും എത്തുകയും, അവിടെയുള്ള കുടിലുകള്‍ പൊളിച്ചു നീക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പ്രദേശവാസികളില്‍ നിന്നുമുള്ള പ്രതിഷേധം ശക്തമായതോടെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങി.

പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സ്ഥലത്തെത്തിയ കോര്‍പറേഷന്‍ സംഘം, 400 അനധികൃത കെട്ടിടങ്ങള്‍ സ്ഥലത്തുണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷമായി ആ പ്രദേശത്ത് താമസിക്കുന്ന ആളുകള്‍, ഇവിടെ ഒരനധികൃത കെട്ടിടവും ഇല്ലെന്നും തങ്ങള്‍ കാലങ്ങളായി ഇവിടെ താമസിക്കുന്നവരാണെന്നും പറഞ്ഞു.

പൊവൈഗാവിലും മൗജെ തിരന്ദജ് ഗ്രാമത്തിലും താല്‍ക്കാലിക കുടിലുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പൗരസമിതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കോര്‍പറേഷന്‍ സംഘം പറഞ്ഞത്. പ്രദേശത്തുള്ളത്, തങ്ങളുടെ വീടുകളാണെന്നും കുറെയധികം കാലമായി ഞങ്ങള്‍ അവിടെ താമസിക്കുന്നവരാണെന്നുമാണ് പ്രദേശവാസികള്‍ പ്രതികരിച്ചത്.

എന്നാല്‍ സ്ഥലത്തെത്തിയ കോര്‍പറേഷന്‍ സംഘം ആളുകളെ തട്ടി മാറ്റി, കെട്ടിടം പൊളിക്കല്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധത്തില്‍ പ്രദേശവാസികള്‍ കോര്‍പറേഷന്‍ സംഘത്തിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് പ്രദേശവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlight: 57 held, Over 200 Booked for Attacking Cops During Anti-Encroachment Drive

We use cookies to give you the best possible experience. Learn more