| Tuesday, 13th August 2024, 10:29 am

ഷെയ്ഖ് ഹസീനക്കെതിരെ പ്രതിഷേധിച്ചതിന് യു.എ.ഇയില്‍ തടവിലാക്കപ്പെട്ട ബംഗ്ലാദേശികളെ മോചിപ്പിക്കാന്‍ ശ്രമങ്ങളാരംഭിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ധാക്ക: ഷെയ്ക്ക് ഹസീനയുടെ ഭരണത്തിനെതിരെ ഷാര്‍ജ, അബുദാബി, ദുബായി എന്നിവിടങ്ങളില്‍ പ്രതിഷേധിച്ച് അറസ്റ്റിലായ 57 ബംഗ്ലാദേശി പൗരന്മാരെ മോചിപ്പിക്കാനൊരുങ്ങി മുഹമ്മദ് യൂനുസ് സര്‍ക്കാര്‍. ജൂലൈ 22ന് പ്രതിഷേധ മാര്‍ച്ച് നടത്തിയതിനെത്തുടര്‍ന്നാണ് വിവിധ ഇടങ്ങളില്‍ ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തത്.

ഇതില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 53 പേര്‍ക്ക് 10 വര്‍ഷം തടവും ഓരാള്‍ക്ക് 11 വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. അറസ്റ്റിലായവരെ മോചിപ്പിക്കുന്നതിന് എംബസി ബംഗ്ലാദേശ് അഭിഭാഷകയായ വോളോറ അഫ്രിന്‍ രസ്‌നയ്ക്ക് നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ബംഗ്ലാദേശ് എംബസി നിര്‍ദേശം നല്‍കിയതായി അഫ്രിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

ഞായറാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇടക്കാല സര്‍ക്കാറിന്റെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈന്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെക്കുറിച്ച് സംസാരിച്ചിരുന്നു. ഇവരെ വിട്ടയയ്ക്കുന്നതിന് വേണ്ടി ഉന്നത അധികാരികളുമായി നേരിട്ട് ബന്ധപ്പെടുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോപങ്ങളെ പിന്തുണച്ച് അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട എല്ലാ ബംഗ്ലാദേശ് പ്രവാസികളെയും വിട്ടയക്കുന്നതിന് യു.എ.ഇയുടെ ഉന്നത അധികാരികളുമായി നേരിട്ട് ബന്ധപ്പെടും,’ ഹുസൈന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബംഗ്ലാദേശില്‍ ഭരണകൂടത്തിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം രൂക്ഷമായതോടെയാണ് മുന്‍ പ്രധാന മന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടത്. തുടര്‍ന്ന് ഇന്ത്യയിലെത്തി ദല്‍ഹിയില്‍ അഭയം തേടുകയായിരുന്നു.

ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന രാജിവെച്ചതിന് പിന്നാലെ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. പ്രക്ഷോഭത്തില്‍ 150ഓളം പേര്‍ മരിക്കുകയും 500ഓളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

Content Highlight: 57 Bangladeshi jailed in the UAE for protesting against Sheikh Hasina

We use cookies to give you the best possible experience. Learn more