| Sunday, 24th September 2023, 8:20 am

രാജ്യത്ത് 564 കര്‍ഷകര്‍ മരിച്ചു വീണു, ഐതിഹാസിക കര്‍ഷക സമരം നടന്നു, ജയസൂര്യ മിണ്ടിയിരുന്നോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജ്യത്ത് കര്‍ഷക സമരം നടന്നപ്പോഴും അതിന്റെ ഭാഗമായി കര്‍ഷകര്‍ മരിച്ചപ്പോഴും ജയസൂര്യ ശബ്ദിച്ചിരുന്നോ എന്ന് സംവിധായകന്‍ എം.എ. നിഷാദ്. ഭരിക്കുന്ന പാര്‍ട്ടിയുടെ എം.പിയുടെ മകന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ജീപ്പ് ഓടിച്ച് കയറ്റി കര്‍ഷകര്‍ മരണപ്പെട്ടപ്പോള്‍ ജയസൂര്യ എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു. ദി എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയസൂര്യയെ മറ്റാരേക്കാളും തനിക്കറിയാമെന്നും കയ്യടി കിട്ടാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം മന്ത്രിമാരുള്ള വേദിയില്‍ വെച്ച് സര്‍ക്കാറിനെ കുറ്റപ്പെടുത്തി സംസാരിച്ചത് എന്നും നിഷാദ് പറഞ്ഞു.

‘ ജയസൂര്യ എന്താണെന്ന് മറ്റാരേക്കാളും എനിക്കറിയാം. ഇന്ത്യയില്‍ 564 കര്‍ഷകര്‍ മരിച്ചു, ഐതിഹാസികമായ കര്‍ഷക സമരം നടന്നു. ജയസൂര്യ ശബ്ദിച്ചിരുന്നോ? കര്‍ഷക സമരത്തിനിടയിലേക്ക് ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു എം.പിയുടെ മകന്‍ ജീപ്പ് ഓടിച്ച് കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയപ്പോഴും ജയസൂര്യ ഒന്നും മിണ്ടിയിരുന്നില്ല. ഒരു പടം ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം ഇത്തരം പരിപാടികള്‍ എപ്പോഴും നടത്താറുണ്ട്. എനിക്കറിയാം അദ്ദേഹത്തിന് എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്ന്.

ജയസൂര്യ ആ പരിപാടിയില്‍ വെച്ച് അങ്ങനെ സംസാരിച്ചതോട് കൂടി കുറച്ച് കാര്യങ്ങള്‍ വ്യക്തമായി. എത്ര രൂപയാണ് കേന്ദ്രം നല്‍കുന്നത്. എത്ര രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത് എന്നുമൊക്കെ. ആ വേദിയില്‍ വെച്ച് തന്നെ മന്ത്രിമാര്‍ അതിന് മറുപടി നല്‍കിയിട്ടുണ്ട്. ഞാന്‍ ആ വേദിയില്‍ ഉണ്ടായിരുന്നെങ്കില്‍ കര്‍ഷക സമരത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചേനെ, അദ്ദേഹം ബബബ അടിക്കുന്നത് കാണുകയും ചെയ്യാമായിരുന്നു. നേരത്തെ പഠിച്ചുവന്ന്‌  ഡയലോഗടിച്ചതാണ് അദ്ദേഹം. അല്ലാതെ ഇതിനെകുറിച്ചൊന്നും ഒരു ധാരണയും അദ്ദേഹത്തിനില്ല.

സിനിമയില്‍, ക്യാമറക്ക് മുന്നില്‍ അഭിനയിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്. ജീവിതത്തില്‍ അഭിനയിക്കുന്നതെന്തിനാണ്. നല്ല കഴിവുള്ള നടനാണ്. അത് കൊണ്ട് അദ്ദേഹം ക്യാമറക്ക് മുന്നില്‍ അഭിനയിക്കുന്നതാണ് നല്ലത്. ക്യാമറക്ക് പുറത്ത് അഭിനയിച്ചാല്‍ ചീറ്റിപ്പോകും,’ എം.എ. നിഷാദ് പറഞ്ഞു

CONTENT HIGHLIGHTS: 564 farmers died in the country, a legendary farmers’ strike took place, did Jayasuriya speak?

We use cookies to give you the best possible experience. Learn more