ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി.
തന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
”ഒരു സ്ത്രീയെ ഉപയോഗിച്ച് എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് 56 ഇഞ്ചുള്ള ഭീരുവാണ്. ഈ ഗൂഢാലോചനയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കാളിയാണ്,’ അദ്ദേഹം പറഞ്ഞു.
തനിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതിയുടെ ശക്തമായ പരാമര്‍ശത്തില്‍ അസമിലെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ഏപ്രില്‍ 19 ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു, എന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് 2,500 കിലോമീറ്ററിലധികം യാത്ര ചെയ്തു. എന്നെ ഇല്ലാതാക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ഇത്,’ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിനാണ് അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിനിടെ പൊലീസുദ്യോഗസ്ഥയെ അപമാനിച്ചുവെന്നാരോപിച്ച് ജിഗ്നേഷ് മേവാനിക്കെതിരെ വീണ്ടും കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തുവെന്ന് പറഞ്ഞ് അസമിലെ ഗുവാഹത്തിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ വെച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു.