ജാതിപ്പേരിലറിയപ്പെട്ടിരുന്ന 56 സര്‍ക്കാര്‍ സ്‌കൂളുകളുടെ പേര് മാറ്റി പഞ്ചാബ് സര്‍ക്കാര്‍
national news
ജാതിപ്പേരിലറിയപ്പെട്ടിരുന്ന 56 സര്‍ക്കാര്‍ സ്‌കൂളുകളുടെ പേര് മാറ്റി പഞ്ചാബ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th December 2022, 5:37 pm

ചണ്ഡീഗഡ്: ജാതിപ്പേരില്‍ അറിയപ്പെട്ടിരുന്ന 56 സ്‌കൂളുകളുടെ പേര് മാറ്റി പഞ്ചാബ് സര്‍ക്കാര്‍. പ്രൈമറി, ഹൈസ്‌കൂളുകള്‍ ഉള്‍പ്പെടെ 56 സര്‍ക്കാര്‍ സ്‌കൂളുകളുടെ പേരുകളാണ് പുനര്‍നാമകരണം ചെയ്തത്. വിദ്യാഭ്യാസവകുപ്പ് മന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍സിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി.

സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പേര്, പ്രധാന വ്യക്തിത്വങ്ങള്‍, പ്രാദേശിക നായകര്‍, രക്തസാക്ഷികള്‍ എന്നിവരുടെ പേരുകളിലായിരിക്കും ഇനി സ്‌കൂളുകള്‍ അറിയപ്പെടുക.

പട്യാല ജില്ലയില്‍ 12, മാന്‍സയില്‍ ഏഴ്, നവന്‍ഷഹറില്‍ ആറ്, സംഗ്രൂര്‍, ഗുരുദാസ്പുര്‍ എന്നിവിടങ്ങളില്‍ നാല് വീതവും ഫത്തേഗഡ് സാഹിബ്, ബട്ടിണ്ട, ബര്‍ണാല, മുക്ത്സര്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതവും സ്‌കൂളുകളാണ് ഡിസംബര്‍ 26ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്.

ഡിസംബര്‍ ഒന്നിനാണ് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബെയിന്‍സ് സംസ്ഥാനത്തെ ജാതി -സമുദായ പേരുകളിലറിയപ്പെട്ടിരുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളുടെയും പേര് പുനര്‍നാമകരണം ചെയ്യാന്‍ ഉത്തരവിട്ടത്.

ജാതിപ്പേരുകള്‍ ഉള്ള സ്‌കൂളുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരില്‍ നിന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

സംസ്ഥാനത്തെ പല സര്‍ക്കാര്‍ സ്‌കൂളുകളുടെയും പേരുകള്‍ ജാതിയുമായി ബന്ധപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടുവെന്നും സര്‍ക്കാരിന് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് ജാതിപ്പേരുകള്‍ നല്‍കുന്നത് ഇന്നത്തെ കാലഘട്ടത്തില്‍ തീര്‍ത്തും അപരിഷ്‌കൃതമാണെന്നുമാണ് മന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ സ്‌കൂളില്‍ എല്ലാവര്‍ക്കും തുല്യവിദ്യാഭ്യാസം നല്‍കുമെന്നും അതിന് ജാതി വേര്‍തിരിവില്ലെന്നും മന്ത്രി ഹര്‍ജോത് സിങ് വ്യക്തമാക്കി.

ചില പ്രത്യേക ജാതിയുടെയോ സമുദായത്തിന്റെയോ പേരിലുള്ള സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാനുള്ള മാതാപിതാക്കളുടെ വിമുഖതയും കുട്ടികളുടെ അരക്ഷിത ബോധവും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നും മന്ത്രി പറഞ്ഞു.

‘സര്‍ക്കാര്‍ സ്‌കൂളുകളുടെ പേരുകള്‍ ക്ലാസുമായോ ജാതിയുമായോ ബന്ധപ്പെടുത്താന്‍ കഴിയില്ല. ജാതീയതയില്‍ നിന്നും എല്ലാത്തരം വിവേചനങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ മനുഷ്യരാശിയെ പഠിപ്പിച്ച ഗുരുക്കന്മാരുടെയും സന്യാസിമാരുടെയും മഹാനായ പ്രവാചകന്മാരുടെയും നാടാണ് പഞ്ചാബ്,’ വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് കൂട്ടിച്ചേര്‍ത്തു.

Content Highlight: 56 government schools with caste tag renamed by Punjab government