ന്യൂദല്‍ഹി: ഇന്ത്യയില്‍ ഹീറ്റ് സ്ട്രോക് കേസുകളില്‍ മരണസംഖ്യ ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 24,849 ഹീറ്റ് സ്‌ട്രോക്ക് കേസുകളിലായി 56 മരണങ്ങളാണ് രേഖപ്പെടുത്തിയത്.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) ശേഖരിച്ച ഡാറ്റ അനുസരിച്ച്, ഇതില്‍ 46 മരണങ്ങള്‍ മെയ് മാസത്തില്‍ മാത്രം രേഖപ്പെടുത്തിയതാണ്. 19,189 ഹീറ്റ് സ്‌ട്രോക്ക് കേസുകള്‍ ആണ് മെയ് മാസത്തില്‍ രേഖപ്പെടുത്തിയത്.
കൂടിയ ചൂടിനെ തുടര്‍ന്ന് നിരവധി പേരാണ് രാജ്യത്ത് മരിച്ചു കൊണ്ടിരിക്കുന്നത്. ബുധനാഴ്ച ദല്‍ഹിയില്‍ 40 വയസ്സുള്ള ഒരു തൊഴിലാളി ചൂടിനെ തുടര്‍ന്ന് മരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയിലെ റൂര്‍ക്കേല മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വ്യാഴാഴ്ച 10 മുതല്‍ 12 പേരാണ് മരിച്ചത്.
ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ചൂട് കനത്തതോടെ ബീഹാറില്‍ 19 പേരാണ് മരിച്ചത്. ഇവരില്‍ പത്ത് പേര്‍ വോട്ടെടുപ്പ് ഉദ്യോഗസ്ഥരായിരുന്നു.
ഉത്തര്‍ പ്രദേശില്‍ പോളിങ് ഡ്യൂട്ടിക്കിടെ ഉഷ്ണതരംഗത്തില്‍ മരിച്ചത് 33 പേരാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലാണ് ചൂടിനെ തുടര്‍ന്ന് 33 പോളിങ് ഉദ്യോഗസ്ഥര്‍ മരിച്ചത്. ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ അറിയിച്ചതാണിത്. ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, പോളിംങ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് മരിച്ചത്. ബല്ലിയ ലോക്സഭാ മണ്ഡലത്തിലെ സിക്കന്ദര്‍പൂര്‍ പ്രദേശത്തെ ബൂത്തില്‍ ഒരു വോട്ടറും മരിച്ചതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, ഗോരഖ്പൂര്‍, കുശിനഗര്‍, ദെയോറിയ, ബന്‍സ്ഗാവ്, ഗോസി, സലേംപൂര്‍, ബല്ലിയ, ഗാസിപൂര്‍, ചന്ദൗലി, വാരണാസി, മിര്‍സാപൂര്‍, റോബര്‍ട്ട്സ്ഗഞ്ച് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഈ ഘട്ടത്തില്‍ 1,08,349 പോളിങ് ഉദ്യോഗസ്ഥരെയാണ് അവിടെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്.
രാജസ്ഥാനില്‍ ഉഷ്ണ തരംഗം കാരണം ഇതുവരെ കുറഞ്ഞത് അഞ്ച് മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചൂട് കാരണമുള്ള അസുഖങ്ങളില്‍ മധ്യപ്രദേശില്‍ മാത്രം 14 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 11 പേരും മരിച്ചു.
ഇനിയും ചില സംസ്ഥാനങ്ങളില്‍ മരണം നടന്നിട്ടുണ്ടെന്ന കണക്കുകള്‍ പുറത്തു വരുന്നുണ്ട്. കൃത്യമായ കണക്കുകള്‍ ഇനിയും വരാനുണ്ട്. അന്തിമ സംഖ്യകള്‍ ഇതിലും കൂടുതലായിരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
Content Highlight: 56 confirmed deaths due to heat stroke recorded in India in last 3 months