ന്യൂദല്‍ഹി: ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്നതിനായി പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍പ്ഷന്‍ ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാണ് പി. എം കെയര്‍ ഫണ്ടില്‍ നിന്ന് പണം അനുവദിച്ചത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തെരഞ്ഞെടുത്ത ആശുപത്രികളില്‍ പ്ലാന്റ് സ്ഥാപിക്കാനാണ് തീരുമാനം.
അനുവദിച്ച പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കിയത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പല ആശുപത്രികളും രോഗികളെ ചികിത്സിക്കാത്ത സ്ഥിതിയുണ്ട്.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണ സംഖ്യ 1,92,311 ആയി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക