| Wednesday, 15th December 2021, 9:10 am

കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 55 യു.എ.പി.എ കേസുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ 55 പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍.

എം.പി കെ. മുരളീധരന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഇക്കാര്യം പറഞ്ഞത്.

കേരളത്തില്‍ യു.എ.പി.എ ചുമത്തിയതില്‍ അഞ്ചുപേര്‍ 30 വയസിന് താഴെയുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

വിചാരണ കാലയളവ്, സാക്ഷിമൊഴി തുടങ്ങി വിവിധ കാരണങ്ങള്‍ കണക്കിലെടുത്താണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്.

കോടതി ശിക്ഷ വിധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെന്ന പേരില്‍ നിയമത്തില്‍ ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നില്ല. രാജ്യത്ത് എത്രപേര്‍ യു.എ.പി.എ ചുമത്തപ്പെട്ട് കസ്റ്റഡിയില്‍ മരിച്ചിട്ടുണ്ടെന്നതിന് കണക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, 2020ല്‍ ഏറ്റവും കൂടുതല്‍ യു.എ.പി.എ ചുമത്തിയത് ഉത്തര്‍പ്രദേശിലാണെന്ന് കഴിഞ്ഞയാഴ്ച്ച നിത്യാനന്ദറായ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

361 പേരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കഴിഞ്ഞ വര്‍ഷം യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ഇതില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനടക്കമുള്ളവര്‍ ഉള്‍പ്പെടുന്നുണ്ട്.

കേരളത്തില്‍ 24 പേരെയാണ് 2020ല്‍ യു.എ.പി.എ കേസ് ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്.

2016 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ 7243 പേരെയാണ് യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ 286 പേര്‍ കുറ്റവിമുക്തരായി. 25 കേസുകള്‍ ഒഴിവാക്കുകയും 42 പേരെ കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: 55 UAPA Case registered in kerala within 3 years

We use cookies to give you the best possible experience. Learn more