ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ രാജസ്ഥാനിലും ചത്തീസ്ഗഡിലും ഭരണമുറപ്പിച്ച് കോണ്‍ഗ്രസ്. എന്നാല്‍ മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്നത്. 110 സീറ്റില്‍ കോണ്‍ഗ്രസും 109 സീറ്റില്‍ ബി.ജെ.പിയുമാണ് പൊരുതുന്നത്. ഇവിടെ 11 സീറ്റില്‍ ബി.എസ്.പിയും സ്വതന്ത്രരുമുള്‍പ്പെടെയുള്ള മറ്റുള്ളവരാണ് മുന്നേറുന്നത്.
മധ്യപ്രദേശില്‍ ഫലം വരാനുള്ള 55 സീറ്റുകളിലും 1000 വോട്ടില്‍ താഴെ മാത്രം വോട്ട് മാര്‍ജിനാണുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ബി.ജെ.പി വിജയിക്കുമോ കോണ്‍ഗ്രസ് ജയിക്കുമോ എന്നുള്ളത് ഇനിയും അറിയാനായിട്ടില്ല. ഇതില്‍ ഏത് ഫലം മാറിമറിഞ്ഞാലും കോണ്‍ഗ്രസോ ബി.ജെ.പിയോ ഏറ്റവും വലിയ ഒറ്റ കക്ഷിയാകും. അതേസമയം മധ്യപ്രദേശില്‍ എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണ കോണ്‍ഗ്രസിനാണ്. സ്വതന്ത്രരുടെ പിന്തുണ കൂടി കോണ്‍ഗ്രസ് ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തുകയായിരുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം മായാവതി നിരസിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി അറിയിക്കുകയായിരുന്നു.
അതിനിടെ ബി.എസ്.പി നേതാവ് മായാവതി തങ്ങളുടെ എല്ലാ എം.എല്‍.എമാരോടും ദല്‍ഹിയില്‍ എത്തിച്ചേരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്താനാണ് എം.എല്‍.എമാരോട് ദല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മധ്യപ്രദേശില്‍ ബി.ജെ.പിയും ബി.എസ്.പിയുടെ പിന്തുണ തേടിയതായ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനാണ് പിന്തുണ നല്‍കുകയെന്ന് ബി.എസ്.പി വ്യക്തമാക്കുകയായിരുന്നു.
ബി.എസ്.പിയും എസ്.പിയും വൈകാതെ തന്നെ തങ്ങള്‍ക്കൊപ്പം ചേരുമെന്നും ഇരുപാര്‍ട്ടികളും ബി.ജെ.പിക്ക് എതിരാണെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടും പ്രതികരിച്ചിരുന്നു.