| Thursday, 31st October 2024, 7:54 am

ഫോട്ടോ ഫിനിഷിലേക്ക്; യു.എസിലെ 55% ഇന്ത്യന്‍ വംശജരുടെ പിന്തുണ കമല ഹാരിസിനെന്ന് സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 2024 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിന് ജനപിന്തുണ കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ആശ്വാസമായി സര്‍വേ ഫലങ്ങള്‍. നവംബര്‍ അഞ്ചിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവരുന്നത്.

കമല ഹാരിസ്

യു.എസില്‍ 23 ലക്ഷം ഇന്ത്യന്‍ വംശജര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ 55 ശതമാനം ഇന്ത്യന്‍ വംശജരും കമല ഹാരിസിനെ പിന്തുണക്കുന്നതായി ഗവേഷണ സ്ഥാപനമായ എ.എ.പി.ഐ.യു പറയുന്നു. 26 ശതമാനം വോട്ടര്‍മാരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്നത്.

കാര്‍ണഗി എന്‍ഡോവ്‌മെന്റിന്റെ സര്‍വേ പ്രകാരം, 61 ശതമാനം ഇന്ത്യന്‍ വംശജര്‍ കമല ഹാരിസിന് വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചതായും പറയുന്നു. 32 ശതമാനം വോട്ടര്‍മാര്‍ ട്രംപിനെയാണ് പിന്തുണക്കുന്നത്.

സ്ത്രീ വോട്ടര്‍മാരില്‍ 53 ശതമാനവും പിന്തുണക്കുന്നത് നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ കമല ഹാരിസിനെയാണ്. പുരുഷ വോട്ടര്‍മാരില്‍ 67 ശതമാനവും കമലയ്ക്ക് പിന്തുണ നല്‍കുന്നു. അതേസമയം 39 ശതമാനം പുരുഷന്മാരും 22 ശതമാനം സ്ത്രീകളും ട്രംപിനെ പിന്തുണക്കുന്നതായാണ് സര്‍വേ ഫലം.

ഡൊണാൾഡ് ട്രംപ്

രാജ്യത്തുടനീളമായി സി.എന്‍.എന്‍ സര്‍വേയില്‍ കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും 47 ശതമാനം വീതം വോട്ടുകള്‍ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുമെന്നും പറയുന്നു.

സര്‍വേ ഫലങ്ങള്‍ക്ക് പിന്നാലെ, ഇന്ത്യന്‍ വംശജയായ ഒരു നേതാവ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അഭിമാനകരമാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ജോര്‍ജിയയുടെ ജനറല്‍ സെക്രട്ടറി ഡോ. വാസുദേവ് പട്ടേല്‍ പറഞ്ഞു. ഇന്ത്യന്‍ വംശജരുടെ പിന്തുണ യു.എസ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് നിര്‍ണായകമാണെന്നും വാസുദേവ് ചൂണ്ടിക്കാട്ടി.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ ഇന്ത്യന്‍-അമേരിക്കന്‍, ദക്ഷിണേഷ്യന്‍ അമേരിക്കന്‍ ഗ്രൂപ്പുകള്‍ ഫണ്ട് സമാഹരണത്തിലൂടെ ഓഗസ്റ്റില്‍ കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

24 മണിക്കൂറിനുള്ളില്‍ 81 മില്യണ്‍ ഡോളര്‍ സംഭാവനയാണ് കമലയ്ക്ക് ലഭിച്ചത്. ഇത് റെക്കോഡ് നേട്ടമാണെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

30 മിനിട്ട് നീളുന്ന മ്യൂസിക് വീഡിയോ ഒരുക്കി ഇന്ത്യന്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനും കമല ഹാരിസിന് പിന്തുണ അറിയിച്ചിരുന്നു. റഹ്‌മാന് ഒരു സംഗീത പരിപാടിക്കപ്പുറം പ്രാധാന്യമുണ്ടെന്നായിരുന്നു കമല ഹാരിസിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസിഫിക് ഐസ്‌ലാൻഡർ വിക്റ്ററി ഫണ്ട് ചെയര്‍മാന്‍ ശേഖര്‍ നരസിംഹന്‍ പറയുകയുണ്ടായി.

എന്നാല്‍ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ കമല ഹാരിസിന് ജനപിന്തുണ കുറയുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ പ്രമുഖരായ മുസ്‌ലിം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കമല ഹാരിസിന് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്യുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

25 ഓളം കറുത്ത വര്‍ഗക്കാരായ മുസ്‌ലിങ്ങള്‍ കമല ഹാരിസിനെ അനുകൂലിച്ച് പ്രതികരിച്ചതിന് പിന്നാലെ, യു.എസിലെ ഏതാനും മുസ്‌ലിം സംഘടനകള്‍ കമലക്കെതിരെ രംഗത്തെത്തുകയായിരുന്നു.

Content Highlight: 55% of Indian-origin Americans support Kamala Harris, survey finds

Latest Stories

We use cookies to give you the best possible experience. Learn more