ന്യൂദല്‍ഹി: ശനിയാഴ്ച നടത്തിയ കേന്ദ്രസാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂല പാനലിന് തോല്‍വി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം നഷ്ടമായി.
കേന്ദ്ര സാഹിത്യ പ്രസിഡന്റ് സ്ഥാനത്ത് 60 വോട്ടുകളുമായി മാധവ് കൗശിക് ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ച സി. രാധാകൃഷ്ണന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി കുമിത് ശര്‍മയോട് ഒരു വോട്ടിനാണ് തോറ്റു.
എന്നാല്‍ ഇതില്‍ രാഷ്ട്രീയ പ്രേരിതമായ ഒന്നുമില്ലെന്ന് പറഞ്ഞ സി. രാധാകൃഷ്ണന്‍ ഒന്നും നേരെ ചൊവ്വേ നടക്കരുതെന്നതാണ് ഇവിടുത്തെ സമ്പ്രദായമെന്ന് പറഞ്ഞു.
‘ഇതില്‍ രാഷ്ട്രീയം ആരോപിക്കില്ല. എഴുത്തുകാര്‍ക്ക് എന്ത് രാഷ്ട്രീയമാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടി കൈകടുത്തുവാന്‍ ശ്രമിച്ചിട്ടുണ്ടാകും. ഇതില്‍ ഞാന്‍ ആരെയും കുറ്റം പറയുന്നുമില്ല. അവരുടെ ജോലിയാണല്ലോ ഇത്. ഒരു കാര്യവും നേരെ ചൊവ്വേ നടക്കരുതെന്നാണല്ലോ നമ്മുടെ സമ്പ്രദായം,’ അദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ ആദ്യ വോട്ടാണിതെന്നും ഇനി മത്സരത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു വോട്ട് എനിക്ക് കുറച്ച് തന്നു. അത്രയേയുള്ളൂ. ജീവിതത്തില്‍ ആകെ ഒരു തെരഞ്ഞെടുപ്പിലേ ഞാന്‍ മത്സരിച്ചുള്ളൂ. അത് ഈ തെരഞ്ഞെടുപ്പാണ്. ഇനി വേണ്ടി വരില്ല. ഹിന്ദുസ്ഥാനികള്‍ക്ക് അവരുടെ ഭാഷ പ്രധാനപ്പെട്ടതാണ്. അവര്‍ ഒരുപാട് പേര്‍ ഉണ്ട്. അവര്‍ വോട്ട് ചെയ്തില്ലെന്നതാണ് കാര്യം.’ അദ്ദേഹം പറഞ്ഞു.
അതേസമയം രാധാകൃഷ്ണന്‍ വിശിഷ്ടാംഗം എന്ന നിലയില്‍ തുടരും.
നേരത്തെ, അക്കാദമി അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാര്‍ സ്ഥാനം ഒഴിയുന്നതിനാല്‍ വൈസ് പ്രസിഡന്റായിരുന്ന മാധവ് കൗശികിന് അധ്യക്ഷനാക്കാന്‍ തീരുമാനിച്ചിരുന്നു. രാധാകൃഷ്ണനെ വൈസ് പ്രസിഡന്റ് പദവിയും നല്‍കാന്‍ ധാരണയിലെത്തിയിരുന്നു.
എന്നാല്‍, സംഘപരിവാര്‍ പിന്തുണയുള്ള പാനലും രംഗത്തുവന്നതോടെയാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ജനറല്‍ കൗണ്‍സിലില്‍ 92 അംഗങ്ങള്‍ക്കാണ് വോട്ട് അവകാശം.
നേരത്തേ തന്നെ കേന്ദ്ര ലളിതകല അക്കാദമിയുടെയും സംഗീതനാടക അക്കാദമിയുടെയും അധികാരങ്ങളില്ലാതാക്കിയതുപോലെ സാഹിത്യ അക്കാദമിയെയും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സാഹിത്യ മേഖലയിലുള്ളവര്‍ ആരോപിച്ചിരുന്നു.
കേന്ദ്രസാഹിത്യ അക്കാദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
CONTENT HIGHLIGHT: Central Sahitya Akademi Election; Defeat for the pro-Sangh Parivar panel