| Saturday, 14th January 2017, 10:28 am

തിയേറ്റര്‍ സമരംപൊളിച്ച നടന്‍ ദിലീപിന് അഭിനന്ദനപ്രവാഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിയേറ്റര്‍ സമരം പൊളിച്ച നടന്‍ ദിലീപിന്  അഭിനന്ദന പ്രവാഹം.  തിയറ്റര്‍ ഉടമ കൂടിയായ നടന്‍ ദിലീപിന്റെ കാര്‍മികത്വത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍, മള്‍ട്ടിപ്ലെക്‌സ് ഉടമകള്‍, സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ ബിസിനസിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന ഇന്ന് ചേരാനിരിക്കെയാണ് സമരം പിന്‍വലിക്കുന്നതായി ലിബര്‍ട്ടി ബഷീര്‍പറഞ്ഞത്.

ദിലീപിന്റെ തന്ത്രപരമായ ഇടപെടലാണ് സമരംപൊളിച്ചതെന്ന് പറഞ്ഞ് നടനെ  അഭിനന്ദിച്ച് സിനിമാമേഖലയിലെ നിരവധി പേര്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. നടന്‍ അജു വര്‍ഗീസും സംവിധായകന്‍ വൈശാഖും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ദിലീപിന് അഭിനന്ദനവുമായി എത്തിക്കഴിഞ്ഞു.

മലയാള സിനിമയെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ കുത്തൊഴുക്കില്‍പ്പെട്ട് അപ്രത്യക്ഷരാവുമെന്നും സംവിധായകന്‍ വൈശാഖ് പറയുന്നു. ദിലീപേട്ടനും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍ എന്നും വൈശാഖ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.

മലയാള സിനിമ എന്നും നിലനില്‍ക്കുമെന്നും ദീലീപേട്ടന് നന്ദി അറിയിക്കുന്നതായി വ്യക്തമാക്കി നടന്‍ അജുവര്‍ഗീസും ഗോപീസുന്ദറും രംഗത്തെത്തിയിരുന്നു.


ഫെഡറേഷന്റെ വിലക്ക് ലംഘിച്ച്  കഴിഞ്ഞ ദിവസം  31 തിയേറ്ററുകള്‍ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. ഇന്നലെ മാത്രം 42 തിയേറ്ററുകളില്‍ കൂടി ചിത്രം പ്രദര്‍ശിപ്പിച്ചു. തിയേറ്റര്‍ സമരം തുടരുകയായിരുന്നെങ്കില്‍ വരുന്ന ആഴ്ചകളില്‍ സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജിന്റെ എസ്ര, സിദ്ദീഖിന്റെ ജയസൂര്യ ചിത്രം ഫുക്രി എന്നീ ചിത്രങ്ങള്‍ റീലീസ് ചെയ്യാന്‍ തയ്യാറെന്ന് വ്യക്തമാക്കി ഫെഡറേഷന് കീഴിലുള്ള കൂടുതല്‍ തിയേറ്ററുകള്‍ രംഗത്തെത്തിയിരുന്നു. ഫെഡറേഷന്റെ വിലക്ക് ലംഘിച്ച് സിനിമാ റീലീസിന് തയ്യാറായി കൂടുതല്‍ തിയേറ്ററുകള്‍ രംഗത്തെത്തിയതോടെയാണ്   സമരം ഒതുക്കിത്തീര്‍ക്കാര്‍ ലിബര്‍ട്ടി ബഷീര്‍ തയ്യാറായത്.

തിയറ്ററുകളില്‍നിന്നുള്ള വരുമാന വിഹിതത്തില്‍ സ്വന്തം പങ്ക് 40ല്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ റിലീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്നു ഫെഡറേഷന്‍ പ്രഖ്യാപിച്ചതായിരുന്നു സിനിമാ പ്രതിസന്ധിക്ക് തുടക്കമായത്.

ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ലെന്നു നിര്‍മാതാക്കളും വിതരണക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു.

Video Stories

We use cookies to give you the best possible experience. Learn more