| Sunday, 22nd March 2015, 5:13 pm

54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാമേശ്വരം: 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് മത്സ്യത്തൊഴിലാളികളെയും അവര്‍ സഞ്ചരിച്ചിരുന്ന ബോട്ടും ശ്രീലങ്ക കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കന്‍ അതിര്‍ത്തി കടക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊല്ലുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ശ്രീലങ്കയുടെ അധികാരത്തിലുള്ള കറ്റ്ച്ചദ്വീപിനും നെടുംദ്വീപിനുമിടിയില്‍ മത്സ്യ ബന്ധനം നടത്തുമ്പോഴാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്തതെന്ന് മണ്ഡപം മറൈന്‍ പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ശ്രീലങ്കന്‍ നേവല്‍ ബേസില്‍ വെച്ച് മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ചെയ്തവരില്‍ 33 പേര്‍ രാമേശ്വരത്തുള്ളവരും ബാക്കിയുള്ളവര്‍ ജഗതപാട്ടിനത്തുള്ളവരുമാണ്.

രാമേശ്വരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളെ തലൈമന്നര്‍ നേവല്‍ ബെയ്‌സിലും ബാക്കിയുള്ള 21 പേരെ കങ്കേസന്ദൂരി നേവല്‍ ബെയ്‌സിലൂമാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് നിരപരാതിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിട്ടയച്ച അരുളനന്ദനം എന്ന മത്സ്യത്തൊഴിലാളി പറഞ്ഞു.

“നാവി അവരെ ഫിഷറീസ് വകുപ്പിന് കൈമാറും. അവരെ റിമാന്‍ഡ് ചെയ്യുമോ ഇല്ലയോ എന്ന് നമുക്ക് വൈകുന്നേരത്തോടെ അറിയാന്‍ കഴിയും.” അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more