ന്യൂദല്‍ഹി: ഫേസ്ബുക്ക് സി.ഇഒ മാര്‍ക് സുക്കര്‍ബര്‍ഗിന് കത്തയച്ച് ഇന്ത്യയിലെ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. 54 പേരടങ്ങിയ ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരാണ് സുക്കര്‍ബര്‍ഗിന് കത്തയച്ചിരിക്കുന്നത്.
വിദ്വേഷപരമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയത്തെകുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്നും കമ്പനിയുടെ ഇന്ത്യയിലെ നേതൃത്വസ്ഥാനം വഹിക്കുന്ന അങ്കിദാസിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണമായിരിക്കണം ഈ വിഷയത്തില്‍ നടത്തേണ്ടതെന്നും ഒരുകാരണവശാലും അന്വേഷണത്തെ സ്വാധീനിക്കാന്‍ അവരെ അനുവദിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു.
വിദ്വേഷ പ്രഭാഷണങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സ്വന്തം നയം നടപ്പാക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്നും അല്ലെങ്കില്‍ പക്ഷപാതപരമായി അത് നടപ്പാക്കിയിട്ടുണ്ടെന്നും സുക്കര്‍ബര്‍ഗിന് അയച്ച കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി.
മുന്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്) ഓഫീസര്‍മാരായ സലാഹുദ്ദീന്‍ അഹ്‌മദ്, ഗോപാലന്‍ ബാലഗോപാല്‍, ചന്ദ്രശേഖര്‍ ബാലകൃഷ്ണന്‍, ശരദ് ബെഹാര്‍, ഔറോബിന്ദോ ബെഹ്‌റ, സുന്ദര്‍ ബുറ, പി.ആര്‍ ദാസ് ഗുപ്ത, വഹാജത്ത് ഹബീബുള്ള, ഹര്‍ഷ് മന്ദര്‍, മുന്‍ ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്) ഉദ്യോഗസ്ഥരായ ഷാഫി ആലം, വപ്പാല ബാലചന്ദ്രന്‍, കെ സലീം അലി, ഐ.ഇ.എസ് ഉദ്യോഗസ്ഥരായ നിതിന്‍ ദേശായി, ഐ.എഫ്.എസ് ഓഫീസര്‍മാരായ സുശീല്‍ ദുബെ, കെ.പി ഫെബിയാന്‍, എച്ച്.എസ് ഗുജ്‌റാള്‍ എന്നിവരടങ്ങിയ 54 ഉദ്യോഗസ്ഥരാണ് കത്തയച്ചിരിക്കുന്നത്.
വിദ്വേഷ പ്രചരണങ്ങളുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്ത്യയില്‍ ഫേസ്ബുക്ക് നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയത്തില്‍ ഗൗരവമായ പരിശോധന താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങള്‍ ഈ കത്ത് എഴുതുന്നതെന്നും ഇവര്‍ പറഞ്ഞു.
മിസ്റ്റര്‍ സുക്കര്‍ബര്‍ഗ്, മതപരമായ അശാന്തി ഇന്ത്യയില്‍ ഗുരുതരമായ ഒരു പ്രശ്‌നമായി രൂപപ്പെട്ടുവന്നിരിക്കുന്ന എന്ന കാര്യം ഒരുപക്ഷേ താങ്കള്‍ അറിഞ്ഞുകാണില്ല.
അടുത്തിടെ ഇന്ത്യയില്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമവും (സി.എ.എ),ദേശീയ പൗരത്വ പട്ടികയും (എന്‍.ആര്‍.സി) ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മുസ്ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും പൗരത്വം എടുത്തുകളയുന്നതും അവരെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാന്‍ ഉതകുന്നതുമാണ്. 2020 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന സാമുദായിക കലാപത്തെ കുറിച്ചും താങ്കള്‍ ബോധവാനായിരിക്കില്ല. 53 പേരാണ് ആ കലാപത്തില്‍ കൊല്ലപ്പെട്ടത്. അതില്‍ ഭൂരിഭാഗം പേരും മുസ്‌ലീങ്ങളാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയില്‍ ദളിതര്‍ക്കും മുസ്‌ലീങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും പീഡനങ്ങളും വര്‍ധിച്ചിരിക്കുന്നു. ഇവയില്‍ ഭൂരിഭാഗവും ഗോ സംരക്ഷണത്തിന്റെ പേരുപറഞ്ഞാണ്. ഇത്തരത്തിലുള്ള പല അക്രമങ്ങളും നടക്കുന്നത് ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ട്വിറ്റര്‍ പോലുള്ള ചാനലുകളിലൂടെ പ്രചരിക്കുന്ന വിദ്വേഷ പ്രസംഗങങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ്.
ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും വിദ്വേഷത്തെ നിരുത്സാഹപ്പെടുത്തുന്ന സ്വന്തം നയം നടപ്പിലാക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടിരിക്കുന്നു.അല്ലെങ്കില്‍ അത് പക്ഷപാതപരമായി നടപ്പാക്കിയിരിക്കുന്നു. ഇത് (ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം സെന്‍സര്‍ ചെയ്യാത്തത്) ഫേസ്ബുക്കിന്റെ വാണിജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നത് കൂടുതല്‍ അപലപനീയമാണ്. ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരമൊരു നിലപാട് മറ്റ് രാജ്യങ്ങളിലടക്കം ചര്‍ച്ചാവിഷയമായിത്തീര്‍ന്നിരിക്കുന്നു.
മനുഷ്യരുടെ ജീവിതം വെച്ചാണോ വാണിജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത്? ഇത്രയും വികലമായ കാഴ്ചപ്പാടാണ് ഫേസ്ബുക്കും പിന്തുടരുന്നതെങ്കില്‍ ലോകത്തിന്റെ പലഭാഗങ്ങളിലും വിദ്വേഷങ്ങള്‍ പടരുന്നതില്‍ ഒട്ടും അതിശയിക്കാനില്ല, കത്തില്‍ പറയുന്നു.
ജനാധിപത്യവും മതേതരവും അടിസ്ഥാനപ്പെടുത്തി മുന്നോട്ടുപോകുന്ന ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങളെ പൈശാചികവല്‍ക്കരിക്കുന്നതിനും അവര്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുന്നതിനുമുള്ള വഴിയാണ് ഇതിലൂടെ തുറന്നിരിക്കപ്പെട്ടിരിക്കുന്ന കാര്യം മറന്നുപോകരുത്.
നിലവിലുള്ള ഈ നയം താങ്കള്‍ തിരുത്തുമെന്ന് തങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുകയാണ്. ബിസിനസ് സാധ്യതകള്‍ പരിഗണിച്ചുകൊണ്ട് മാത്രം ഇത്തരം നടപ്പിലാക്കാന്‍ അനുവദിക്കരുത്. വിദ്വേഷ സംഭാഷണത്തിനും വിദ്വേഷ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചേക്കാവുന്ന പോസ്റ്റുകള്‍ക്കുമെതിരായ നയം താങ്കള്‍ പൂര്‍ണമായും മുറുകെ പിടിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കത്തില്‍ പറയുന്നു.
വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്ക് വേണ്ടി ഫേസ്ബുക്ക് മാറ്റുന്നെന്ന വാര്‍ത്തകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വാള്‍സ്ട്രീറ്റ് ജേണലായിരുന്നു ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
അപകടകരമായ വിദ്വേഷ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ബി.ജെ.പിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളില്‍ സജീവമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ബി.ജെ.പി നേതാവ് ടി.രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയത്.
ബി.ജെ.പിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താത്പര്യങ്ങളെ ബാധിക്കുമെന്നാണ് കമ്പനിയുടെ നേതൃസ്ഥാനത്തുള്ള അങ്കി ദാസ് ജീവനക്കാരോട് പറഞ്ഞതെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നിരുന്നു. വാള്‍സ്ട്രീറ്റ് ജേണലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഐ.ടി പാര്‍ലമെന്ററി സമിതി ചേരുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight; 54-ex bureaucrats write to facebook ceo Mark Zuckerberg seek audit of hate speech-policy