| Thursday, 26th December 2013, 11:31 am

പെന്റവാലന്റ് കുത്തിവെപ്പ്: രാജ്യത്ത് 54 കുട്ടികള്‍ മരിച്ചെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: പെന്റവാലന്റ് കുത്തിവയ്‌പ്പെടുത്തത് മൂലം രാജ്യത്ത് 54 കുട്ടികള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് സ്ഥിരീകരണം.

ഇതില്‍ ഏറ്റവും കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായത് കേരളത്തിലാണെന്നും റിപ്പോര്‍ട്ട്. രാജ്യത്ത് പെന്റവാലന്റ് കുത്തിവയ്പ്പ് നല്‍കിയത് ആറ് ലക്ഷം കുട്ടികള്‍ക്കാണ്. ഇതില്‍ 189 കുട്ടികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി.

കേരളത്തില്‍ 16 കുട്ടികള്‍ മരിക്കുകയും 102 കുട്ടികളില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയും ചെയ്തു. അതേസമയം വാക്‌സിന്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നു.

ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫീലസ് ഇന്‍ഫഌവന്‍സ് ടൈപ്പ് ബി, വില്ലന്‍ ചുമ, തൊണ്ടപ്പുണ്ണ്, ടെറ്റനസ് എന്നീ രോഗങ്ങള്‍ക്ക് സുരക്ഷിതമായ പരിരക്ഷ നല്‍കുന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണെന്ന് പ്രചരിപ്പിച്ചാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി കുഞ്ഞുങ്ങള്‍ക്ക് പെന്റാവാലന്റ് കുത്തിവെപ്പ് എടുത്തുകൊണ്ടിരിക്കുന്നത്.

2011 ഡിസംബര്‍ 14 നാണ് കേരളത്തില്‍ പൊതു പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെന്റാവലന്റ് വാക്‌സിനേഷന്‍ ആരംഭിച്ചത്.

തീരെ പാവപ്പെട്ടവരും ആദിവാസികളും അടക്കമുളളവരുടെ കുഞ്ഞുങ്ങളാണ് ആഗോളപദ്ധതിയുടെ ഭാഗമായുള്ള ഈ കുത്തിവെപ്പിന് ഇരകളായി ജീവന്‍ വെടിയേണ്ടിവന്നത്.

പെന്റാവാലന്റ് കുത്തിവെപ്പ് പദ്ധതിയുടെ പിന്നില്‍ ആഗോളതലത്തില്‍ തന്നെ പല ഗൂഢതാല്‍പര്യങ്ങളുമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ശരിയായ പഠനം നടത്താതെയാണ് മരുന്ന് കേരളത്തിലും തമിഴ്‌നാട്ടിലും പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കുന്നതെന്നും പരാതിയുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more