| Tuesday, 17th August 2021, 9:30 am

മലബാറില്‍ സീറ്റില്ലാതെ കുട്ടികള്‍ വലയുമ്പോള്‍ മധ്യതിരുവിതാംകൂറില്‍ കുട്ടികളില്ലാതെ 53 പ്ലസ് വണ്‍ ബാച്ചുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്ലസ് വണ്ണിന് സീറ്റില്ലാതെ വടക്കന്‍ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ വലയുമ്പോള്‍ മതിയായ കുട്ടികളില്ലാതെ 53 ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍. 2014 2015 വര്‍ഷങ്ങളില്‍ അനുവദിച്ച 40 ബാച്ചുകളിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ അനുവദിച്ച ബാക്കി ബാച്ചുകളിലും ഇതുവരെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നിശ്ചയിച്ച കുട്ടികള്‍ ഉണ്ടായിട്ടില്ല. ആദ്യ ബാച്ചുകള്‍ അനുവദിച്ചത് വ്യവസ്ഥകളോടെയായിരുന്നെങ്കിലും അത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ഒരു കുട്ടിപോലും പ്രവേശനം നേടാത്ത ബാച്ചുകളുമുണ്ട് കൂട്ടത്തില്‍. കൂട്ടിച്ചേര്‍ത്ത ബാച്ചുകളില്‍ കുട്ടികളില്ലാത്ത സാഹചര്യത്തില്‍ സീറ്റുകള്‍ക്ക് ക്ഷാമം നേരിടുന്ന മലബാറില്‍ ബാച്ചുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

എന്നാല്‍ ബാച്ച് അനുവദിക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ 40 ബാച്ചുകളിലേക്കുള്ള തസ്തിക സൃഷ്ടിക്കാന്‍ ഇതുവരെയും അനുമതി നല്‍കിയിട്ടില്ല.

കുട്ടികളില്ലാത്ത ബാച്ചുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും ഹയര്‍സെക്കണ്ടറി വിഭാഗം അന്തിമ തീരുമാനമെടുത്തിട്ടില്ല. മാത്രമല്ല ഈ വര്‍ഷത്തെ അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെടുക്കാമെന്ന നിലപാടാണ് ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിനുള്ളത്.

കുട്ടികളില്ലാത്ത 53 ബാച്ചുകളില്‍ 24 എണ്ണവും പത്തനംതിട്ടയിലാണ്. എട്ടെണ്ണം ഇടുക്കിയിലാണ്. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലും മതിയായ കുട്ടികളില്ലാത്ത ബാച്ചുകളുണ്ട്.

കുട്ടികളില്ലാത്ത ബാച്ചുകളില്‍ കൂടുതലും സയന്‍സ് കൊമേഴ്‌സ് കോമ്പിനേഷനിലുള്ളവയാണ്. 53 ബാച്ചുകളില്‍ 26 എണ്ണം സയന്‍സിലും 23 എണ്ണം കൊമേഴ്‌സിലും നാലെണ്ണം ഹ്യുമാനിറ്റീസിലുമാണ്.

മലബാറില്‍ 223,788 പേര്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായി പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ബാച്ചുകളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇതില്‍ 57,073 കുട്ടികള്‍ക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇവര്‍ക്ക് സ്വകാര്യ സെല്‍ഫ് ഫൈനാന്‍സിങ് സ്ഥാപനങ്ങളില്‍ പണം മുടക്കി ഉപരിപഠനസാധ്യത കണ്ടത്തേണ്ട അവസ്ഥ വരും.

വി.എച്ച്.എസ്.ഇ, പോളിടെക്‌നിക് കോഴ്‌സുകള്‍ ഇതിന് പുറമേ ഉണ്ടെങ്കിലും ഈ സീറ്റുകളിലേക്ക് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, തമിഴ്‌നാട് ബോര്‍ഡ് എക്‌സാം എന്നിവ പാസായി വരുന്ന കുട്ടികളും ഉണ്ടാവും. ഇതോടെ മലബാര്‍ മേഖലയില്‍ തുടര്‍പഠനത്തിന് അവസരം ലഭിക്കാത്ത കുട്ടികളുടെ എണ്ണം വീണ്ടും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 53 plus one batch remains

We use cookies to give you the best possible experience. Learn more