തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെതിരായ സ്ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രതികരിക്കാതെ സി.പി.ഐ.എം. ആരോപണത്തില്‍ മന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളിലൂടെ വാര്‍ത്ത കണ്ടുള്ള അറിവ് മാത്രമേയുള്ളൂവെന്നും സി.പി.ഐ.എം. ആക്ടിംഗ് സെക്രട്ടറിയും എല്‍.ഡി.എഫ്. കണ്‍വീനറുമായ എ. വിജയരാഘവന്‍ പറഞ്ഞു.
‘ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കും,’ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചതായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്.
കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതി.
അവിടെ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് നമുക്ക് തീര്‍ക്കണം, എന്നാണ് എ.കെ. ശശീന്ദ്രന്‍ ഫോണില്‍ സംസാരിക്കുന്നത്. എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ് എന്നും, അത് ഒത്തുതീര്‍പ്പാക്കാനാണോ സാര്‍ പറയുന്നതെന്നുമാണ് അതിന് പരാതിക്കാരന്‍ മറുപടിയായി ചോദിക്കുന്നത്.