| Saturday, 28th October 2023, 1:18 pm

യു.എൻ ഏജൻസിയുടെ 53 ജീവനക്കാർ കൊല്ലപ്പെട്ടെന്ന് യു.എൻ; കൊലപ്പെടുത്തിയത് ഇസ്രഈലെന്ന് പറയാൻ ഭയമെന്ന് വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിൽ ഒക്ടോബർ ഏഴ് മുതലുള്ള ആക്രമണത്തിൽ തങ്ങളുടെ 53 ജീവനക്കാർ കൊല്ലപ്പെട്ടതായി യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് (യു.എൻ.ആർ.ഡബ്ല്യു.എ).

ഗസയിലെ ജനതക്കായി ജീവിതം സമർമിപ്പിച്ചവരായിരുന്നു അവരെന്നും ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടത് ഭക്ഷണം ശേഖരിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നുവെന്നും യു.എൻ.ആർ.ഡബ്ല്യു.എ അറിയിച്ചു. അദ്ദേഹത്തിന്റെ മരണം ആറ് മക്കളെ അനാഥമാക്കിയെന്നും ഫലസ്തീന് വേണ്ടി പ്രവർത്തിക്കുന്ന ഏജൻസി അറിയിച്ചു.

അതേസമയം, ഏജൻസി ജീവനക്കാരെ കൊലപ്പെടുത്തിയത് ഇസ്രഈൽ ആണെന്ന് പറയാൻ പോലുമുള്ള ധൈര്യം യു.എൻ കാണിക്കുന്നില്ലെന്ന് വ്യാപക വിമർശനമുണ്ട്.

1948ൽ 7,50,000 ഫലസ്തീനികളെ അഭയാർത്ഥികളാക്കിയ യുദ്ധത്തിന് (നക്ബ) ശേഷം 1950ലാണ് യു.എൻ.ആർ.ഡബ്ല്യു.എ ഫലസ്തീനിൽ പ്രവർത്തനം ആരംഭിച്ചത്.

സിറിയ, ജോർദാൻ, ലെബനൻ, വെസ്റ്റ് ബാങ്ക് (കിഴക്കൻ ജെറുസലേം ഉൾപ്പെടെ), ഗസ എന്നിവിടങ്ങളിലാണ് ഏജൻസിയുടെ പ്രവർത്തനം.

ഗസ വലിയ മാനുഷിക ദുരന്തം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ലോകരാജ്യങ്ങൾ ഇടപെട്ട് ഗസയിൽ സഹായമെത്തിക്കാൻ അവിടേക്കുള്ള പ്രവേശനം സാധ്യമാക്കണമെന്നും ഏജൻസി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

രണ്ട് ലക്ഷത്തോളം വീടുകൾ ഇസ്രഈലി ആക്രമണത്തിൽ തകർന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ യു.എൻ ഏജൻസിയുടെ ടെന്റുകളിലാണ് കഴിയുന്നത്.

ഇസ്രഈലി ആക്രമണത്തിൽ ഏജൻസിയുടെ 40 ഇൻസ്റ്റാളേഷനുകളാണ് തകർന്നതായി യു.എൻ.ആർ.ഡബ്ല്യു.എയുടെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഇനാസ് ഹംദാൻ പറഞ്ഞിരുന്നു.

‘യുദ്ധങ്ങൾക്ക് പോലും നിയമങ്ങളുണ്ട്. ഇത് ഐക്യരാഷ്ട്രസഭയുടെ ഇൻസ്റ്റാളേഷനുകളാണ്. സംഘർഷങ്ങൾക്കിടയിലും അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾ പ്രകാരം അവ സംരക്ഷിക്കപ്പെടേണ്ടതാണ്,’ ഇനാസ് പറഞ്ഞു.

യു.എൻ ഇൻസ്റ്റാളേഷനുകളിൽ 6,00,000 ആളുകളാണ് അഭയാർത്ഥികളായി കഴിയുന്നത്. 6000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

നേരത്തെ തന്നെ ഇന്റർനെറ്റ്‌ സേവനങ്ങൾ വളരെ ദുർബലമായതിനാൽ ജീവനക്കാർ തമ്മിൽ ബന്ധപ്പെടാൻ ബുദ്ധിമുട്ടുണ്ടെന്ന് ഇനാസ് പറഞ്ഞിരുന്നു. നിലവിൽ ഇന്റർനെറ്റ്‌, മൊബൈൽ സേവനങ്ങൾ പൂർണമായും നിലച്ച സാഹചര്യത്തിൽ ഗസയിലെ ജീവിതം കൂടുതൽ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്.

Content Highlight: 52 colleagues kiled inGaza, says UNRWA; criticism for not calling out Israel

We use cookies to give you the best possible experience. Learn more