ബി.ജെ.പി റാലിയില്‍ 25000 പേര്‍ വരുമെന്ന പ്രതീക്ഷയില്‍ 5100 കിലോ കിച്ചടി ഉണ്ടാക്കി; വന്നത് 6000 പേര്‍ മാത്രം
national news
ബി.ജെ.പി റാലിയില്‍ 25000 പേര്‍ വരുമെന്ന പ്രതീക്ഷയില്‍ 5100 കിലോ കിച്ചടി ഉണ്ടാക്കി; വന്നത് 6000 പേര്‍ മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th January 2019, 10:47 am

 

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദല്‍ഹിയില്‍ ഞായറാഴ്ച ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തത് 6000ത്തോളം പേര്‍ മാത്രം. 25000ത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം.

റാലിയില്‍ വന്‍ പങ്കാളിത്തം പ്രതീക്ഷിച്ച് 5100 കിലോ കിച്ചടി ബി.ജെ.പി ഒരുക്കിയിരുന്നു. എന്നാല്‍ ആളുകുറഞ്ഞതോടെ ഇതും ബാക്കിയായി.

Also read:“പൊലീസിനെ ആക്രമിക്കൂ, കൊല്ലൂ; ഒന്നും സംഭവിക്കില്ല”; ബി.ജെ.പി നേതാക്കള്‍ അണികളോട്

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍, മറ്റൊരു ജനറല്‍ സെക്രട്ടറിയായ അനില്‍ കുമാര്‍ ജെയ്ന്‍, ദില്ലിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന അരുണ്‍ സിങ്, കേന്ദ്രമന്ത്രി ഥാവര്‍ചന്ദ് ഗെഹലോട്ട്, വിജയ് ഗോയല്‍, കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധന്‍, എം.പി മീനാക്ഷി ലേഖി, മനോജ് തിവാരി എന്നിവരും റാലിയ്ക്കായി എത്തിയിരുന്നു.

റാലിയില്‍ ആറായിരത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ദളിത് പ്രീണനത്തിന്റെ ഭാഗമായായിരുന്നു റാലിയില്‍ കിച്ചടി വിതരണം ചെയ്തത്.

ബി.ജെ.പിയുടെ എസ്.സി മോര്‍ച്ചയായിരുന്നു കിച്ചടി നിര്‍മ്മിക്കാനാവശ്യമായ സാധനങ്ങള്‍ ശേഖരിച്ചത്. 28000 പ്രവര്‍ത്തകര്‍ മൂന്നുലക്ഷം വീടുകളില്‍ കയറിയാണ് കിച്ചടിയ്ക്കായുള്ള അരിയും പരിപ്പും ശേഖരിച്ചതെന്നാണ് എസ്.സി മോര്‍ച്ച അധ്യക്ഷന്‍ മോഹന്‍ ലാല്‍ ഗിഹാരയുടെ അവകാശവാദം.