| Wednesday, 10th October 2018, 10:19 pm

ആഗ്രഹം പൂവണിഞ്ഞു; ടോക്കിയോ ഒളിംപിക്‌സിന് മത്സരിക്കാന്‍ 51 അംഗ അഭയാര്‍ത്ഥി ടീമും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്യൂണസ് ഏരിസ്: 2020 ടോക്കിയോ ഒളിംപിക്‌സില്‍ അഭയാര്‍ത്ഥി ടീം രൂപീകരിക്കാന്‍ ഇന്റര്‍നാഷ്ണല്‍ ഒളിംപിക്‌സ് കമ്മിറ്റി തീരുമാനിച്ചു. റിയോ ഒളിംപിക്‌സില്‍ 10 അഭയാര്‍ത്ഥികളെ മത്സരിപ്പിച്ചതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി. യൂത്ത് ഒളിംപിക്‌സ് നടക്കുന്ന ബ്യൂണസ് ഏരിസില്‍ ചേര്‍ന്ന 133ാം ഐ.ഒ.സി. മീറ്റിങിലാണ് തീരുമാനം.

അഭയാര്‍ഥി സാഹചര്യങ്ങളില്‍ ജീവിക്കുന്ന 51 താരങ്ങളെ കണ്ടെത്തിയതായും അവര്‍ക്കായി മികച്ച പരിശീലനം നല്‍കുമെന്നും ഐ.ഒ.സി. ഡയറക്ടര്‍ പെറോ മിറോ പറഞ്ഞു. ഇതില്‍ റിയോയില്‍ പങ്കെടുത്ത 10പേരും ഉള്‍പ്പെടും.

റിയോയില്‍ 800 മീറ്ററില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൗത്ത് സുഡാനില്‍ നിന്നുള്ള വൈച്ച് പുര്‍ ബെയിലിനെ പോലെയുള്ളവരെ കണ്ടെത്താനാണ് പൂതിയ തീരുമാനമെന്ന് കമ്മിറ്റി അറിയിച്ചു.

സിറിയയില്‍ നിന്നുള്ള രണ്ട് നീന്തല്‍ താരങ്ങള്‍, കോങ്കോയില്‍ നിന്നുള്ള രണ്ടുപേരടങ്ങുന്ന ജൂഡോ ടീം, എത്യോപ്യയില്‍ നിന്നുള്ള മാരത്തണ്‍ താരം, എന്നിവരാണ് റിയോയില്‍ മത്സരിച്ചത്്. ഒളിംപിക് സോളിഡാരിറ്റി പ്രോഗ്രാമിന്റെ പങ്കാളിത്തത്തോടെ ഏഴ് ഇനങ്ങളിലായാകും 2020 ലെ ഒളിംപിക്‌സില്‍ അഭയാര്‍ഥി താരങ്ങള്‍ മത്സരിക്കുക.

അഭയാര്‍ഥികളെ മുഖ്യധാരയിലെത്തിക്കുക. മികച്ച ജീവിത നിലവാരം ഉറപ്പാക്കുക, ലോകം അവരേയും അംഗീകരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഐ.ഒ.സി. ഇവരെ മത്സരിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more