ദല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ ദേഹത്ത് 51 വെട്ടുകള്‍; കഠാരകൊണ്ട് കുത്തി, ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദ്ദിച്ചു
India
ദല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ ദേഹത്ത് 51 വെട്ടുകള്‍; കഠാരകൊണ്ട് കുത്തി, ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദ്ദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th March 2020, 11:49 am

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ ദേഹത്ത് 51 പരിക്കുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂര്‍ച്ചയുള്ള കഠാര ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തിയതായും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിച്ചതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്വാസകോശത്തിനും തലച്ചോറിനും ഏറ്റ പരിക്ക് മൂലം ഉണ്ടായ രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്. തുടയിലും കാലുകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. ഇരുമ്പ് ദണ്ഡ് പോലെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് 33 ഇടത്ത് മര്‍ദ്ദിച്ചതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണത്തിന് തൊട്ടുമുന്‍പായാണ് എല്ലാ മുറിവുകളും ഉണ്ടായതെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. കാണാതായതിന്റെ ഒരു ദിവസത്തിന് ശേഷം ഫെബ്രുവരി 27 നാണ് വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ചന്ദ് ബാഗ് പ്രദേശത്തെ വീടിനടുത്തുള്ള അഴുക്കുചാലില്‍ അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത്.

കലാപത്തിനിടെ വീട്ടിലെത്തിയ ചിലര്‍ അദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിച്ചത്.

സസ്പെന്‍ഷനിലായ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ അങ്കിത് ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഷാ ആലാമിനെയും ദല്‍ഹി ക്രൈംബ്രാഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കലാപത്തിനിടെ ചന്ദ് ബാഗില്‍ കുടുങ്ങിയ ചില സ്ത്രീകളെ രക്ഷിക്കുന്നതിനിടെയാണ് ശര്‍മ കൊല്ലപ്പെട്ടതെന്ന് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അങ്കിത് ശര്‍മ്മ കൊല്ലപ്പെടുമ്പോള്‍ ഹുസൈന്‍ ചാന്ദ് ബാഗ്, മുസ്തഫാബാദ് പരിസരങ്ങളിലുണ്ടായിരുന്നുവെന്ന സാക്ഷി മൊഴികളും ലഭിച്ചിരുന്നു.

അക്രമത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാള്‍ വ്യാഴാഴ്ച കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു ഹുസൈന്റെ വാദം.

 

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ