|

രാജസ്ഥാനില്‍ പൊലീസ് മുസ്‌ലിം കുടുംബത്തിന്റെ പശുക്കളെ പിടിച്ചെടുത്ത് ഗോശാലയ്ക്ക് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെയ്പൂര്‍: രാജസ്ഥാനില്‍ പൊലീസ്  മുസ്‌ലിം കുടുംബത്തില്‍ നിന്നും പശുക്കളെ പിടിച്ചെടുത്ത് പ്രദേശത്തെ ഗോശാലയ്ക്ക് നല്‍കി. ആല്‍വാറിലാണ് സംഭവം. 51 പശുക്കളെയാണ് പൊലീസ് പിടിച്ചെടുത്തത്. ചില ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ക്ക് ഒപ്പമെത്തിയാണ് പൊലീസ് പശുക്കളെ പിടിച്ചുകൊണ്ടു പോയതെന്ന് കുടുംബം പറയുന്നു.

പ്രദേശത്തെ ബംബോര ഗോശാലയ്ക്കാണ് പശുക്കളെ നല്‍കിയതെന്ന് വീട്ടുകാരായ സുബ്ബ ഖാനും മകന്‍ നസ്‌റു ഖാനും പറയുന്നു. പാലുല്‍പാദനത്തിന് വേണ്ടിയാണ് പശുക്കളെ വളര്‍ത്തിയിരുന്നതെന്നും സുബ്ബഖാന്‍ പറയുന്നു.

പശുക്കടത്ത് ആരോപിച്ച് പെഹ്‌ലുഖാനെന്ന ക്ഷീരകര്‍ഷകനെ ഗോരക്ഷകര്‍ അടിച്ചുകൊലപ്പെടുത്തിയ സ്ഥലമാണ് ആല്‍വാര്‍.

പശുക്കളെ തിരിച്ചുകിട്ടാന്‍ സുബ്ബഖാന്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെയും പൊലീസിനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിടിച്ചുകൊണ്ടുപോയ പശുക്കളുടെ കുട്ടികള്‍ വീട്ടിലുണ്ടെന്നും ഇവയ്ക്ക് പാല് നല്‍കാനാവുന്നില്ലെന്നും സുബ്ബാഖാന്‍ പൊലീസിന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

അതേ സമയം പശുക്കളെ പിടിച്ചുകൊണ്ടുപോയതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

സുബ്ബഖാന്‍ പശുക്കളെ കൊല്ലാന്‍ പോകുകയാണെന്ന് പരാതി ലഭിച്ചെന്ന് പൊലീസ് പറഞ്ഞതായി പഞ്ചായത്ത് തലവനായ ഷെര്‍ മുഹമ്മദ് പറയുന്നു. പക്ഷെ സുബ്ബഖാനെതിരെ കേസെടുക്കാന്‍ പൊലിസ് തയ്യാറാകാത്തതെന്താണെന്ന് ഷേര്‍ മുഹമ്മദ് ചോദിക്കുന്നു.

Video Stories