| Sunday, 27th June 2021, 10:27 pm

വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ഫോട്ടോകള്‍ അവതരിപ്പിച്ച് പാര്‍ട്ടിവിരുദ്ധ പ്രചാരവേല നടത്തുകയാണ്; സി.പി.ഐ.എമ്മിനെതിരെ സംഘടിത അപവാദ പ്രചരണമെന്ന് പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: രാമനാട്ടുകര വാഹനാപകടം വെളിപ്പെടുത്തിയ സ്വര്‍ണ്ണക്കടത്ത് തട്ടിപ്പറി കേസിന്റെ മറപിടിച്ച് സി.പി.ഐ.എമ്മിനെതിരെ സംഘടിതമായ അപവാദ പ്രചരണങ്ങള്‍ നടക്കുകയാണെന്ന് മുതിര്‍ന്ന സി.പി.ഐ.എം. നേതാവ് പി. ജയരാജന്‍. മൂന്നോ നാലോ വര്‍ഷം മുമ്പ് എടുത്ത ഫോട്ടോകള്‍ അവതരിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടിവിരുദ്ധ പ്രചാരവേല നടക്കുന്നതെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കുറ്റാരോപിതരായവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ തള്ളിപ്പറയാനും കര്‍ശന നടപടിക്ക് വിധേയമാക്കാനും അധികാരികളോട് ആവശ്യപ്പെട്ട പാര്‍ട്ടിയാണ് സി.പി.ഐ.എം. എന്നും അദ്ദേഹം പറഞ്ഞു.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി മെമ്പര്‍മാരോ അനുഭാവികളോ തെറ്റായ കാര്യത്തില്‍ ഏര്‍പ്പെട്ടാല്‍ അതിനെ തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറായിട്ടുണ്ട്. ഇപ്പോഴത്തെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന അഴീക്കോട്ടെ യുവാവിനെ 4 വര്‍ഷം മുന്‍പ് ഡി.വൈ.എഫ്.ഐയില്‍ നിന്ന് ഒഴിവാക്കിയതാണ്. തില്ലങ്കേരി സ്വദേശിയെ ഷുഹൈബ് വധക്കേസിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയതാണെന്നും ജയരാജന്‍ പറഞ്ഞു.

ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയമില്ല. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള അത്യാര്‍ത്തി മൂലം ചിലര്‍ തെറ്റായ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നുണ്ട്. ഇത്തരക്കാരോടുള്ള കര്‍ശന നിലപാട് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ഭാഗത്ത് സാമൂഹ്യ വിരുദ്ധ സംഘങ്ങളെ തങ്ങളുടെ ചിറകിനകത്ത് ഒളിപ്പിക്കുന്ന സംഘപരിവാരവും കോണ്‍ഗ്രസുമാണ് ഇത്തരക്കാര്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന സി.പി.ഐ.എമ്മിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള ആര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ കണ്ടെത്തി. പരിയാരത്ത് നിന്ന് കണ്ടെത്തിയ സ്വിഫ്റ്റ് കാര്‍ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കാര്‍ സജേഷിന്റെ പേരിലുള്ളത് തന്നെയെന്നും പൊലീസ് പറഞ്ഞു. കണ്ണൂര്‍ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റിയ നിലയില്‍ കാര്‍ കണ്ടെത്തിയത്.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാമനാട്ടുകര വാഹനാപകടം വെളിപ്പെടുത്തിയ സ്വര്‍ണ്ണക്കടത്ത് തട്ടിപ്പറി കേസില്‍ സി.പി.ഐ.എം. വെട്ടിലായി എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്.

ഈ കേസിന്റെ മറപിടിച്ച് പാര്‍ട്ടിക്കെതിരെ സംഘടിതമായ അപവാദ പ്രചരണങ്ങള്‍ നടക്കുകയാണ്.
ഇപ്പോള്‍ ഈ കേസിന്റെ ഭാഗമായി പുറത്ത് വന്നിട്ടുള്ള പേരുകാര്‍ മൂന്നോ നാലോ വര്‍ഷം മുന്‍പ് എടുത്ത ഫോട്ടോകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഈ പാര്‍ട്ടിവിരുദ്ധ പ്രചാരവേല.

ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടയാള്‍,അയാള്‍ വഴി തെറ്റി എന്ന് പറയുന്നതിന് പകരം അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പ്രാകൃത രീതിയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും തുടരുന്നത് എന്ന് പറയാതെ വയ്യ.
ഇപ്പോള്‍ കുറ്റാരോപിതരായവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ തള്ളിപ്പറയാനും കര്‍ശന നടപടിക്ക് വിധേയമാക്കാനും അധികാരികളോട് ആവശ്യപ്പെട്ട പാര്‍ട്ടിയാണ് സി.പി.ഐ.എം.

അപ്പൊഴാണ് 3-4 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടൊകളും സോഷ്യല്‍ മീഡിയയില്‍ നേരത്തേ ഇട്ട പോസ്റ്റുകളും എടുത്ത് പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത്.മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി മെമ്പര്‍മാരോ അനുഭാവികളോ തെറ്റായ കാര്യത്തില്‍ ഏര്‍പ്പെട്ടാല്‍ അതിനെ തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറായിട്ടുണ്ട്.
ഇപ്പോഴത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അഴീക്കോട്ടെ യുവാവിനെ 4 വര്‍ഷം മുന്‍പ് ഡി.വൈ.എഫ്.ഐയില്‍ നിന്ന് ഒഴിവാക്കിയതാണ്.
തില്ലങ്കേരി സ്വദേശിയെ ഷുഹൈബ് വധക്കേസിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയതാണ്.

ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയമില്ല. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള അത്യാര്‍ത്തി മൂലം ചിലര്‍ തെറ്റായ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നുണ്ട്.
ഇത്തരക്കാരോടുള്ള കര്‍ശന നിലപാട് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയതാണ്.
ഇത്തരം നിലപാട് ബി.ജെ,പിയോ കോണ്‍ഗ്രസ്സോ സ്വീകരിക്കാറില്ല.

2013ല്‍ വെണ്ടുട്ടായി ക്വട്ടേഷന്‍ സംഘത്തെപ്പറ്റി പ്രത്യേക സപ്ലിമെന്റ് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
ഒക്‌റ്റോബര്‍ 23 ന്റെ ആ സപ്ലിമെന്റിന്റെ തലക്കെട്ട് ‘ഖദറിട്ട പ്രമുഖന്റെ ഗുണ്ടാരാജ്’ എന്നായിരുന്നു.

അന്ന് യു.ഡി.എഫായിരുന്നു ഭരണത്തില്‍. ചില ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് ബ്ലേഡ്-ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഈ സംഘത്തിന് താലിബാന്‍ മോഡല്‍ മര്‍ദ്ദന കേന്ദ്രമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോള്‍ ഈ ടീം അറിയപ്പെടുന്നത് പുത്തന്‍കണ്ടം ക്വട്ടേഷന്‍ ടീം എന്നാണ്.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സംരക്ഷണയിലുള്ള ആര്‍.എസ്.എസ്. ക്രിമിനലുകള്‍. ഈ സംഘത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്സോ ആര്‍ എസ് എസോ അന്നും ഇന്നും തയ്യാറായിട്ടില്ല.പണം ആവശ്യപ്പെട്ട് തീക്കുണ്ഡത്തിന് മുകളില്‍ നിര്‍ത്തുന്ന ക്രൂരതയെ കുറിച്ച് ആ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.ഇവരെ കുറിച്ച് പരാതി നല്‍കിയിരുന്നെങ്കിലും അന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.

ക്വട്ടേഷന്‍/മാഫിയ സംഘങ്ങള്‍ക്കെതിരായി ഉറച്ച നടപടിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
സി.പി.ഐ.എമ്മും ഇത്തരം സംഘങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്താന്‍ ശ്രമിച്ചിട്ടുണ്ട്. 2015 സെപ്തംബര്‍ 30ന് പിണറായി പുത്തന്‍കണ്ടത്ത് തന്നെ വലിയ ബഹുജന പ്രതിഷേധ പരിപാടി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.

ക്വട്ടേഷന്‍- ലഹരി മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐയും ജനങ്ങളെ ബോധവാന്‍മാരാക്കുന്ന നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഏറ്റവും ഒടുവില്‍ 2021 ഫെബ്രുവരിയില്‍ ഡി.വൈ.എഫ.ഐ. ജില്ലാ കമ്മറ്റി തന്നെ രണ്ട് കാല്‍നട പ്രചരണ ജാഥകള്‍ സംഘടിപ്പിച്ചു.
2021 ജനുവരിയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഇത്തരം ആളുകളെ തള്ളിപ്പറഞ്ഞുകൊണ്ട് കൂത്തുപറമ്പ് മൂന്നാം പീടികയില്‍ സ.ിപി.ഐ.എം. പ്രതിഷേധ പരിപാടിയും പൊതുയോഗവും സംഘടിപ്പിച്ചു.

ഒരു ഭാഗത്ത് ഇത്തരം സാമൂഹ്യവിരുദ്ധ സംഘങ്ങളെ തങ്ങളുടെ ചിറകിനകത്ത് ഒളിപ്പിക്കുന്ന സംഘപരിവാരവും കോണ്‍ഗ്രസുമാണ് ഇത്തരക്കാര്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന സി.പി.ഐ.എമ്മിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസിന്റെയും സംഘപരിവാറിന്റെയും ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
ക്വട്ടേഷന്‍/മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് ജൂലൈ 5ന് നടക്കുന്ന ക്യാമ്പയിനില്‍ എല്ലാവരും പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS: p.Jayarajan said that it was an organized exception campaign against the CPI(M)

We use cookies to give you the best possible experience. Learn more