| Wednesday, 29th March 2017, 8:52 am

'ആള്‍ക്കൂട്ടമെത്തിയത് തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി; പൊലീസ് എത്തിയെങ്കിലും അവരെ തടയാന്‍ ശ്രമിച്ചില്ല' ആരോപണവുമായി ഗുജറാത്ത് കലാപത്തിലെ ഇരകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: വഡാവലിയില്‍ കലാപകാരികള്‍ എത്തിയത് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെന്ന് കലാപ ഇരകള്‍. ഹിന്ദു ഭൂരിപക്ഷ മേഖലയായ സുന്‍സാര്‍ ഗ്രാമത്തിലുള്ളവരായിരുന്നു അക്രമികളെന്നും ഇവര്‍ പറയുന്നു.

“അവരുടെ പക്കല്‍ ദേശനിര്‍മ്മിത റിവോള്‍വറുകള്‍ ഉണ്ടായിരുന്നു. കൂര്‍ത്തമുനയുള്ള ആയുധങ്ങളും. അവരെന്റെ അമ്മാവനെ ആക്രമിക്കാന്‍ തുടങ്ങി. അദ്ദേഹത്തെ കൊലപ്പെടുത്തിയശേഷം അവര്‍ എനിക്കു പിന്നാലെ ഓടി. ഇതോടെ ഞാന്‍ ജീവനുംകൊണ്ടോടുകയായിരുന്നു.” കലാപത്തില്‍ കൊല്ലപ്പെട്ട ബെലിമിന്റെ മരുമകന്‍ ബാബുഭായ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.


Must Read: യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡ് കസിന്‍സിനെ ഭീഷണിപ്പെടുത്തി 5000രൂപ കൈക്കൂലി വാങ്ങുന്നത് ഒളിക്യാമറയില്‍: പകര്‍ത്തിയത് ഭീഷണിക്കിരയായവര്‍ 


ഹിന്ദു-മുസ്‌ലിം സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ചെറിയൊരു സംഘര്‍ഷമുണ്ടായി ഒരു മണിക്കൂറിനുള്ളിലാണ് വാഡാവലിയില്‍ കലാപമുണ്ടായത്. 5000ത്തോളം പേരടങ്ങിയ ജനക്കൂട്ടമാണ് തങ്ങളെ ആക്രമിക്കാനെത്തിയതെന്നാണ് വാഡാവലിയിലെ മുസ്‌ലീങ്ങള്‍ പറയുന്നത്.

അതേസമയം കലാപകാരികള്‍ക്കു തൊട്ടുപിന്നാലെ തന്നെ പൊലീസ് എത്തിയെങ്കിലും അവരെ തടയാന്‍ പൊലീസ് ശ്രമിച്ചില്ലെന്ന് ഇരകളിലൊരാളായ അഷ്‌റഫ്ഭായ് ഷെയ്ഖിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

“കൊലയാളികളായ കലാപകാരികള്‍ക്കു പിന്നാലെ പൊലീസ് വാഹനങ്ങളുമുണ്ടായിരുന്നു. “അവരെ കൊല്ലൂ” എന്ന മുദ്രാവക്യം വിളിച്ചുകൊണ്ടുവന്നവരെ തടയാന്‍ പൊലീസ് ശ്രമിച്ചില്ല. ” അദ്ദേഹം ആരോപിക്കുന്നു.

ശനിയാഴ്ച കലാപകാരികളെ കണ്ടതോടെ താന്‍ വീട്ടിലേക്ക് ഓടി കുടുംബത്തെ കൂട്ടി വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. തന്റെ വീട് കലാപകാരികള്‍ കൊള്ളയടിക്കുകയും പിന്നീട് തീയിട്ടു നശിപ്പിക്കുകയും ചെയ്തതായി അഷ്‌റഫ്ഭായ് പറയുന്നു.

അതേസമയം അഷ്‌റഫിന്റെ ആരോപണം നിഷേധിച്ച് പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് വിവരം ലഭിച്ചയുടന്‍ ഗ്രാമത്തില്‍ എത്തുകയും കലാപം തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഇടപെടലുകള്‍ വലിയ ദുരന്തം തടയാന്‍ സഹായകരമായെന്നും പ്രദേശത്തെ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പര്‍താരാജ്‌സിങ് ഗോഹില്‍ അവകാശപ്പെടുന്നു.

We use cookies to give you the best possible experience. Learn more