ഗാന്ധിനഗര്‍: ഗുജറാത്തിലെ ബുള്‍ഡോസ് രാജില്‍ തകര്‍ത്തത് 500 വര്‍ഷം പഴക്കമുള്ള മസ്ജിദും ദര്‍ഗയും കബറിടങ്ങളും. സുപ്രീം കോടതിയുടെ ഉത്തരവ് അവഗണിച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാരിന്റേതാണ് നടപടി. ഗിര്‍ സോംനാഥ് ജില്ലയിലാണ് സംഭവം.
സെപ്റ്റംബര്‍ 28ന് പുലര്‍ച്ചയോടെയാണ് പ്രാദേശിക ഭരണകൂടം പള്ളിയും കബറിടങ്ങളും തകര്‍ത്തത്. സ്ഥലത്തെ സോംനാഥ ക്ഷേത്രത്തിന് സമീപത്തായുള്ള അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെയാണ് മസ്ജിദും തകര്‍ത്തത്.
ഗിര്‍ സോംനാഥ് അടക്കമുള്ള സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും ഗുജറാത്ത് സര്‍ക്കാരിന്റെ ബുള്‍ഡോസ് രാജ് തുടരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോംനാഥിലെ പള്ളി പൊളിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി സ്ഥലത്തെത്തിയ 70 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
30 ജെ.സി.ബി, 50 ട്രാക്ടര്‍, 10 ഡമ്പറുകള്‍ എന്നിവയുള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് സോംനാഥിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത്. സോംനാഥില്‍ സംസ്ഥാന പൊലീസ് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സോംനാഥ് ക്ഷേത്രത്തിന്റെ പുറക് വശത്തായി അനധികൃതമായി കൈയേറിയ മൂന്ന് ഹെക്ടറോളം വരുന്ന ഭൂമിയിലാണ് ഗുജറാത്ത് സര്‍ക്കാരിന്റെ പൊളിക്കല്‍ നടപടി.
സോംനാഥ് ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമിയില്‍ അനധികൃത കൈയേറ്റം നടത്തിയെന്ന് ആരോപിച്ച് 21 വീടുകളും 153 കുടിലുകളും പൊളിക്കാനാണ് കളക്ടര്‍ ഹര്ജി വധ്വാനിയ ഉത്തരവിട്ടിരിക്കുന്നത്.
ജില്ലാ കളക്ടര്‍മാര്‍, ഐ.ജി.പിമാര്‍, മൂന്ന് എസ്.പിമാര്‍, ആറ് ഡി.വൈ.എസ്.പി,മാര്‍, 50 പി.ഐ-പി.എസ്.ഐമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് സംസ്ഥാനത്ത് ബുള്‍ഡോസ് രാജ് നടക്കുന്നത്.
സംസ്ഥാനത്തുടനീളമായി 36ലധികം ബുള്‍ഡോസറുകളും 70 ട്രാക്ടറുകളും ബുള്‍ഡോസ് രാജിനായി പ്രവര്‍ത്തിക്കുന്നുണ്ടന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഗുജറാത്ത് സര്‍ക്കാരിന്റെ വരുമാനത്തിന്റെ വലിയ ഒരു ഭാഗം സോംനാഥ് ക്ഷേത്രത്തില്‍ നിന്നുള്ളതാണ്. ഇക്കാരണത്താലാണ് സോംനാഥിന്റെ വികസനത്തിന് ഗുജറാത്ത് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന വിമര്‍ശനവും നിലവില്‍ ഉയരുന്നുണ്ട്.
രാജ്യത്ത് ഒക്ടോബര്‍ ഒന്നുവരെ ബുള്‍ഡോസര്‍ രാജ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട സുപ്രീം കോടതി ഉത്തരവിനെ അവഗണിച്ചാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കം. രണ്ടാഴ്ചയ്ക്ക് ശേഷംകേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശ്, ദല്‍ഹി, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുറ്റരോപിതരായവരുടെ സ്വത്തുവകകള്‍ അനധികൃതമായി ബുള്‍ഡോസര്‍ രാജ് ഉപയോഗിച്ച് പൊളിച്ച് മാറ്റുന്നതിനെ സംബന്ധിച്ചുള്ള ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്.
Content Highlight: 500-year-old mosque and tombs destroyed by Gujarat Bulldoze Raj