ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 500 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍: കണക്കുമായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം
World
ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 500 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍: കണക്കുമായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2024, 12:42 pm

ജെറുസലേം: ഇസ്രഈല്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഗസയില്‍ ഇതുവരെ 500 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗസയിലുടനീളം മരിച്ച മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ കണക്ക് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയമാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഇസ്രഈല്‍ നടത്തിയ വംശഹത്യയില്‍ മെഡിക്കല്‍ ഉദ്യാഗസ്ഥര്‍ മാത്രമല്ല, ആശുപതികളിലുള്ള രോഗികളും കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആശുപത്രി ലക്ഷ്യം വെച്ചുള്ള ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരവധി മൃതദേഹങ്ങള്‍ പരിസരപ്രാദേശങ്ങളില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ഗസയുടെ ആരോഗ്യമേഖലയില്‍ ഇസ്രഈല്‍ ഇത് വരെ 443 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. മെയ് രണ്ടിനായിരുന്നു ലോകാരോഗ്യ സംഘടന ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഇസ്രഈലിന്റെ വംശഹത്യയുദ്ധത്തെ തുടര്‍ന്ന് ഇത് വരെ 35,034 സാധാരണകാരാണ് കൊല്ലപ്പെട്ടത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 78,755 ഫലസ്തീനികള്‍ക്ക് ഇത് വരെ യുദ്ധത്തില്‍ പരിക്കേറ്റു.

ഗസയിലെ മെഡിക്കല്‍ ഉദ്യോഗസ്ഥരെയും ആരോഗ്യ സ്ഥാപനങ്ങളെയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

‘ഗസയുടെ തെക്ക് ഭാഗത്തുള്ള ആശുപത്രികളില്‍ മൂന്ന് ദിവസത്തെ ഇന്ധനം മാത്രമേ അവശേഷിക്കുന്നുള്ളൂ, അതായത് സേവനങ്ങള്‍ ഉടന്‍ തന്നെ നിലച്ചേക്കാം,’ എന്നാണ് മെയ് എട്ടിന്, WHO യുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്‌സില്‍ പങ്കു വെച്ചത്.

തെക്കന്‍ ഗസയിലെ ഭീകരമായ മാനുഷിക സാഹചര്യത്തെ കുറിച്ച് ആശങ്കപ്പെട്ട അദ്ദേഹം ഇസ്രഈല്‍ നടത്തുന്ന ക്രൂരതകളെ അപലപിച്ചു. റഫ നഗരത്തിനും ഈജിപ്തിനും ഇടയിലുള്ള അതിര്‍ത്തി അടയ്ക്കാനുള്ള ഇസ്രഈല്‍ തീരുമാനത്തെ എതിര്‍ത്ത അദ്ദേഹം, അതിര്‍ത്തി അടക്കുന്നത് മാനുഷിക സഹായം എത്തിക്കാനുള്ള രാജ്യങ്ങളുടെ തീരുമാനത്തെ തടസ്സപ്പെടുത്തും എന്നും കൂട്ടിച്ചേര്‍ത്തു.

Content High light: 500 medical personnel killed since Israeli onslaught on Gaza started