ഉക്രൈന്‍ പ്രതിരോധം 500 ദിനം പിന്നിട്ടു; കൊല്ലപ്പെട്ടത് 500 കുട്ടികള്‍ ഉള്‍പ്പെടെ 9000ത്തിലേറെ പേര്‍
World News
ഉക്രൈന്‍ പ്രതിരോധം 500 ദിനം പിന്നിട്ടു; കൊല്ലപ്പെട്ടത് 500 കുട്ടികള്‍ ഉള്‍പ്പെടെ 9000ത്തിലേറെ പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th July 2023, 11:55 pm

കീവ്: റഷ്യന്‍ സൈന്യം ഉക്രൈനില്‍ നടത്തുന്ന അധിനിവേശ ശ്രമങ്ങള്‍ തുടങ്ങി 500 ദിവസം പിന്നിടവെ ശനിയാഴ്ച ഉക്രൈന് പിന്തുണയര്‍പ്പിച്ച് ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും രംഗത്ത്. ഉക്രൈനെതിരെ 2022 ഫെബ്രുവരി 24 മുതല്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ 500 കുട്ടികള്‍ ഉള്‍പ്പെടെ 9000ത്തിലേറെ ഉക്രൈന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ ആരോപിച്ചു.

റഷ്യന്‍ ആക്രമണങ്ങളെ യു.എന്നിന് കീഴിലുള്ള ഉക്രൈന്‍ മനുഷ്യാവകാശ മോണിറ്ററിങ് മിഷനാണ് (HRMMU) ശക്തമായി അപലപിച്ചത്. യഥാര്‍ഥ കണക്കുകള്‍ ഇതിലും എത്രയോ അധികമായിരിക്കുമെന്നും യു.എന്‍ സൂചിപ്പിച്ചു. ഉക്രൈനിലെ പൗരന്മാരുടെ ഭയപ്പെടുത്തുന്ന കൂട്ടക്കൊല അപലപനീയമാണെന്ന് യു.എന്‍ പ്രസ്താവനയിറക്കി.

ഉക്രൈന് വേണ്ടി എത്രനാള്‍ വേണമെങ്കിലും ഒപ്പം നില്‍ക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ‘500 ദിവസവും ധീരമായിരുന്നു ഉക്രേനിയന്‍ പ്രതിരോധം. ഉക്രൈന് 500 ദിവസവും യൂറോപ്യന്‍ പിന്തുണയുണ്ടായിരുന്നു. ഉക്രൈന് വേണ്ടി എത്രനാള്‍ വേണമെങ്കിലും ഞങ്ങള്‍ ഒപ്പം നില്‍ക്കും,’ ഉര്‍സുല പറഞ്ഞു.

ശനിയാഴ്ച ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി കരിങ്കടലിലെ സ്‌നേക്ക് ഐലന്‍ഡ് സന്ദര്‍ശിച്ചു. റഷ്യന്‍ നാവികസേനയെ തുരത്തിയതിന്റെ സ്മരണാര്‍ഥം ഇവിടെയുള്ള സ്മൃതി മണ്ഡപത്തില്‍ അദ്ദേഹം പുഷ്പങ്ങളര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.

അതേസമയം ശനിയാഴ്ച കിഴക്കന്‍ ഉക്രൈനിലെ ലൈമാന്‍ നഗരത്തിന് നേരെ റഷ്യന്‍ സൈന്യം നടത്തിയ റോക്കറ്റാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉക്രെയ്ന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Content Highlights: 500 days of war in ukrain by russia