| Wednesday, 9th November 2016, 8:21 am

നോട്ടുകള്‍ പിന്‍വലിക്കല്‍; പുതിയ ഇന്ത്യ പിറന്നെന്ന് രജനികാന്ത്, വിമര്‍ശനവുമായി മമതയും കെജ്‌രിവാളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്ത് സമ്പദ് വ്യവസ്ഥയിലെ കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ മിന്നലാക്രമണം നടത്തിയ പ്രധാനമന്ത്രിയുടെ നീക്കത്തെ പുകഴ്ത്തിക്കൊണ്ട് തമിഴ് സൂപ്പര്‍താരം രജനീകാന്ത് രംഗത്തെത്തി. 


ന്യൂദല്‍ഹി: രാജ്യത്ത് നിലവിലെ 500, 1000 രൂപ നോട്ടകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖര്‍ രംഗത്ത്.

രാജ്യത്ത് സമ്പദ് വ്യവസ്ഥയിലെ കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ മിന്നലാക്രമണം നടത്തിയ പ്രധാനമന്ത്രിയുടെ നീക്കത്തെ പുകഴ്ത്തിക്കൊണ്ട് തമിഴ് സൂപ്പര്‍താരം രജനീകാന്ത് രംഗത്തെത്തി. പുതിയ ഇന്ത്യ പിറന്നു എന്നാണ് മോദിയുടെ നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

പുതിയ 2,000 രൂപ നോട്ടിന് പിങ്ക് നിറമായതില്‍ സന്തോഷം പ്രകടിപ്പിച്ചാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ പ്രതികരിച്ചത്. പിങ്ക് എഫക്ട് ആണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. ഈ ഡ്രാക്കോണിയന്‍ തീരുമാനം പിന്‍വലിക്കണമെന്ന് അവര്‍ ട്വീറ്റ് ചെയ്തു. മമതയുടെ ട്വീറ്റ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിരിവാള്‍ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് രാജ്യത്തെ അമ്പരിപ്പിച്ചുകൊണ്ട് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കാര്യം പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചത്. മന്ത്രിസഭാ യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇക്കാര്യം വ്യക്തമാക്കിയത്. പഴയ നോട്ടുകള്‍ ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. പണം നഷ്ടമാകുമെന്ന് ആര്‍ക്കും ഭയം വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more