പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ സഖ്യരൂപീകരണവും സീറ്റ് പങ്കിടലും കുറച്ചുകൂടെ നേരത്തെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മികച്ച ജയം സ്വന്തമാക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞേനെയെന്ന് സി.പി.ഐ.എം.എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സീറ്റ് വിഭജനം കുറച്ചുകൂടി യുക്തിപരമായിരുന്നെങ്കില്‍, ഉദാഹരണത്തിന് 50 സീറ്റുകളില്‍ വീതമാണ് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും മത്സരിച്ചിരുന്നത് എങ്കില്‍ ആരോഗ്യപരമായ സീറ്റ് പങ്കിടലാകുമായിരുന്നു അത്. ഇത് നമുക്ക് നേരത്തെ തീരുമാനിക്കാന്‍ കഴിയണമായിരുന്നു’, അദ്ദേഹം പറഞ്ഞു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 29 സീറ്റില്‍ മത്സരിച്ച ഇടതുപാര്‍ട്ടികള്‍ 16 സീറ്റിലാണ് വിജയിച്ചത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റേ ലഭിച്ചുള്ളൂ.
രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും ഇടത് സര്‍ക്കാര്‍ രൂപീകരണത്തിനും വേണ്ടി തങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യവല്‍ക്കരണത്തിനെതിരായ പോരാട്ടമാണ് ഇടത് പാര്‍ട്ടികള്‍ നടത്തുന്നത്.
നിതീഷ് വിരുദ്ധ വോട്ടാണ് ബീഹാറിലേതെന്ന് കരുതുന്നില്ലെന്നും മോദി സര്‍ക്കാരിന് കൂടിയുള്ള താക്കീതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാം ഘട്ട വോട്ടെടുപ്പായപ്പോഴേക്കും ബി.ജെ.പി വന്‍തോതില്‍ വര്‍ഗീയ പ്രചരണം അഴിച്ചുവിട്ടെന്നും ഇത് സീമാഞ്ചല്‍ അടക്കമുള്ളിടങ്ങളില്‍ ധ്രുവീകരണത്തിന് സാഹചര്യമൊരുക്കിയെന്നും ദീപാങ്കര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക