ന്യൂദല്‍ഹി: ഇന്ത്യയില്‍ അഞ്ച് വയസിന് താഴയുള്ള 50 ശതമാനം കുട്ടികളും വിട്ടുമാറാത്ത പോഷാകാഹാരക്കുറവ് അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. ജൂണ്‍ മാസത്തെ പോഷന്‍ ട്രാക്കര്‍ ഡാറ്റ ഉദ്ധരിച്ച് കൊണ്ട് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂര്‍ണാ ദേവി ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കാണിത്.
ആറ് വയസിന് താഴെയുള്ള ഏകദേശം 8.57 കോടി കുട്ടികളുടെ കണക്കുകളാണ് സര്‍വേക്കായി ശേഖരിച്ചത്. അവയില്‍ 17 ശതമാനം കുട്ടികളും ഭാരക്കുറവ് ഉള്ളവരാണെന്നും 36 ശതമാനം കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളുടെ പ്രായത്തിനനുസരിച്ച് വളർച്ച ഇല്ലെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. വളര്‍ച്ച മുരടിപ്പ്, ക്ഷീണം, ഭാരക്കുറവ് എന്നിവ രൂക്ഷമായ പോഷകാഹാരക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.
മന്ത്രി പാര്‍ലമെന്റില്‍ പങ്കുവെച്ച കണക്കുകള്‍ പ്രകാരം കുട്ടികളില്‍ വളര്‍ച്ച മുരടിപ്പ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 46.36 ശതമാനമാണ് യു.പിയിലെ വളര്‍ച്ച മുരടിപ്പ് നിരക്ക്.
അടുത്തിടെ കുട്ടികളില്‍ ശരീരഭാരം കുറയുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വേണ്ടത്ര ഭക്ഷണം കഴിക്കാത്തതോ, അസുഖങ്ങള്‍ മൂലമോ ആണ് ഭാരം കുറയുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഭാരക്കുറവുള്ള കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മധ്യപ്രദേശിലാണ്. 26. 21 ശതമാനമാണ് നിരക്ക്. ലക്ഷദ്വീപില്‍ 23.25 ശതമാനവും രേഖപ്പെടുത്തി.