സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലെ സ്ത്രീ സംവരണം സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണനോട് ഒരു ചോദ്യം. കമ്മിറ്റി അംഗങ്ങളില്‍ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുമോ എന്ന്. അതിന് ഒരുമാതിരി ഒരു പുച്ഛിച്ച ചിരിയും നിങ്ങളെന്താ കമ്മിറ്റിയെ തകര്‍ക്കാന്‍ നോക്കുകയാണോ എന്നൊരു ചോദ്യവും.
സ്ത്രീ പ്രാതിനിധ്യം ഒരു തമാശ അല്ല എന്നും, സ്ത്രീ ഭരിക്കാനും നയിക്കാനും ഒട്ടും പിറകിലല്ല എന്നുമുള്ള കാര്യങ്ങള്‍ മറന്നുകൊണ്ടുള്ള ഈ തമാശ അത്ര ശരിയായില്ല എന്ന് തന്നെയാണ് തോന്നുന്നത്.
പൊതുവേ സി.പി.ഐ.എമ്മിന്റെ തന്നെ പല സംഘടനകളുടേയും വളരെ പുരോഗമനപരമായ ചില ആശയങ്ങളും ബോധവല്‍ക്കരണവുമൊക്കെ കാണുമ്പോള്‍ ‘സ്ത്രീപ്രാതിനിധ്യമുണ്ടോ’ എന്നുള്ള ചോദ്യം പോലും സി.പി.ഐ.എമ്മിനുള്ളില്‍ ആവശ്യമുണ്ടോ എന്ന് തോന്നി പോകും. പക്ഷെ ഇതുപോലുള്ള പരിഹാസവും ചിരിയുമൊക്കെ കാണുമ്പോള്‍ തോന്നും ഇതെന്ത് ഭയങ്കര ഹിപോക്രസി ആണ് എന്ന്.
കാരണം, സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും ശാക്തീകരണത്തെ കുറിച്ചുമൊക്കെ ധാരാളം സംസാരിക്കുമെങ്കിലും ദേശീയ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, ഏരിയ സെക്രട്ടറി തുടങ്ങി ഭാരവാഹിത്വത്തിലേക്ക് എത്തുമ്പോള്‍ ഈ പറഞ്ഞ കാര്യങ്ങളുടെ ഒരു ഗുണം അവിടെ കാണാന്‍ കഴിയാറില്ല.
ഇപ്പോള്‍ തന്നെ സി.പി.ഐ.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആകെയുള്ളത് ഒരു വനിതാ അംഗവും, 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 13 വനിതകളും, അതില്‍ തന്നെ കെ.എസ്. സലീഖ, കെ.കെ. ലതിക, ചിന്ത ജെറോം എന്നീ പുതുമുഖങ്ങളും, പിന്നെ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം വന്നാല്‍ കമ്മിറ്റി തകര്‍ന്ന് തരിപ്പണമാകുമെന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുന്ന പുതിയ പാര്‍ട്ടി സെക്രട്ടറിയുമാണ്.
എങ്കിലും പാര്‍ട്ടിയുടെ ഒരു അധികാര സ്ഥാനത്തും സ്ത്രീകളില്ല എന്ന് അടച്ച് പറയാനും സാധിക്കില്ല. ചില ലോക്കല്‍ കമ്മിറ്റികളിലും ബ്രാഞ്ചിലുമൊക്കെ സെക്രട്ടറി സ്ഥാനത്ത് സ്ത്രീകള്‍ ഉണ്ട്.
ഇനി ഇത്രപോലും സ്ത്രീകള്‍ക്ക് സ്ഥാനം നല്‍ക്കാത്ത പാര്‍ട്ടികള്‍ അപ്പുറത്തുണ്ട് എന്ന കാര്യം നമ്മുക്ക് മറക്കാനാവില്ല. എങ്കിലും താരതമ്യം ചെയ്യാന്‍ പറ്റാത്ത ഇടത്തേക്ക്, പാര്‍ട്ടി സ്ത്രീകള്‍ക്ക് അധികാര സ്ഥാനങ്ങള്‍ നല്‍കുന്ന തരത്തിലേക്ക് എത്തിയിട്ടില്ല എന്ന് തന്നെ പറയണം.
പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് തീരുമാനിക്കുന്നത് അതുകൊണ്ട് കൂടുതല്‍ ചോദ്യം വേണ്ട എന്ന രീതിയാണ്. ശക്തരായ പല വനിത നേതാക്കളേയും പല ഘട്ടങ്ങളിലായി മാറ്റി നിര്‍ത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടായപ്പോഴൊക്കെ ഇതു തന്നെയാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
കെ.ആര്‍. ഗൗരിയമ്മ, സുശീല ഗോപാലന്‍, കെ.കെ. ശൈലജ തുടങ്ങി നല്ല ഭരണമികവും സംഘടന മികവുമൊക്കെ ഉണ്ടായിരുന്ന, വലിയ ജനസമ്മതി നേടിയ വനിതാ നേതാക്കളെയൊക്കെ പാര്‍ട്ടിയങ്ങനെ ഒരു അന്തിമ തീരുമാനമെടുത്ത് മൂലക്ക് ഇരുന്നോളാന്‍ പറഞ്ഞതൊക്കെ എന്തോ ഓര്‍മ്മ വരും.
സ്ത്രീകള്‍ പൊതുമണ്ഡലത്തില്‍ എത്തുക എന്ന് പറയുന്നത് അത്ര ചെറിയ ടാസ്‌കല്ല. എന്ത് കൊമ്പത്തെ ജോലിയായിലും കഞ്ഞിയും കറിയും വെച്ച് കുട്ടിയെയും കെട്ട്യോനെയും നോക്കി കഴിഞ്ഞിട്ട് മതി ബാക്കിയൊക്കെ എന്ന ആറ്റിറ്റിയൂഡുള്ള നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും. ഇനി രാഷ്ട്രീയ രംഗത്തെ സ്ത്രീകളാണെങ്കില്‍, അവര്‍ കൊടി പിടിച്ച് പോരാടേണ്ടി വരുന്ന കാര്യങ്ങള്‍ അതിനമപ്പുറത്തേക്ക് വരും. ഇതിന്റെ ഇടയില്‍ വെറുതെ ഒരു ചിരി ചിരിച്ച് സ്ത്രീ പ്രാതിനിധ്യത്തെ പുച്ഛിക്കരുത്..
Content Highlights: 50 per cent female representation will destroy the party: Kodiyeri