| Thursday, 3rd March 2022, 5:56 pm

50 ശതമാനം സ്ത്രീ പ്രാതിനിധ്യമോ, എന്താ പാര്‍ട്ടിയെ തകര്‍ക്കാനാണോ: പരിഹാസവുമായി കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാര്‍ട്ടി കമ്മിറ്റികളിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച ചോദ്യത്തിന് പരിഹാസവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

50 ശതമാനം സ്ത്രീ പ്രാതിനിധ്യം കമ്മിറ്റിയിലുണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, നിങ്ങള്‍ കമ്മിറ്റിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുകയാണോ എന്ന് ചിരിച്ചുകൊണ്ട് കോടിയേരി മറുപടി പറയുകയായിരുന്നു.

‘എല്ലാ കമ്മിറ്റികളിലും വനിതാ പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ട്. 50 ശതമാനമോ, നിങ്ങള്‍ കമ്മിറ്റിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോ. പ്രായോഗികമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുക,” കോടിയേരി പറഞ്ഞു.

സ്ത്രീ പുരുഷ സമത്വം പാര്‍ട്ടിയില്‍ ഉണ്ടാകണമെന്ന പരാമര്‍ശത്തിന് പിന്നാലെയായിരുന്നു കോടിയേരിയുടെ പരിഹാസം.

‘സ്ത്രീ പുരുഷ സമത്വം പാര്‍ട്ടിയില്‍ ഉണ്ടാകണമെന്ന് പ്രതിനിധികളില്‍ നിന്ന് നിര്‍ദേശമുണ്ടായി. സ്ത്രീപക്ഷ കേരളത്തിനായി പാര്‍ട്ടി മുന്നോട്ട് വരണം, പാര്‍ട്ടിയും സ്ത്രീപക്ഷമാകണം,’ എന്ന് കോടിയേരി പറഞ്ഞിരുന്നു.

ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയെങ്കിലും പ്രാദേശിക തലത്തില്‍ പുരുഷ മേധാവിത്വം നിലനില്‍ക്കുന്നതായി അംഗങ്ങള്‍ വിമര്‍ശിച്ചു. വനിതാ നേതാക്കളുടെ സമീപനം മോശമാണെന്ന് ഖേദത്തോടെ പറയേണ്ടി വരികയാണെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയില്‍ മന്ത്രി ആര്‍. ബിന്ദുവും വ്യക്തമാക്കിയിരുന്നു.

അതേസമയം, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുടരാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മുഹമ്മദ് റിയാസും എ.എന്‍. ഷംസീറും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രി സജി ചെറിയാന്‍, മന്ത്രി വി.എന്‍. വാസവന്‍, കടകംപള്ളി സുരേന്ദ്രന്, സി.കെ. രാജേന്ദ്രന്‍ എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള സാധ്യതാ പട്ടികയിലുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റിനെ വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ മാത്രമാണ് ഇന്ന് നടന്നത്.


Content Highlights: 50 per cent female representation will destroy the party: Kodiyeri

We use cookies to give you the best possible experience. Learn more