| Sunday, 27th March 2022, 12:08 pm

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഭരണകക്ഷിയിലെ 50 മന്ത്രിമാരെ കാണാതായതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കാനിരിക്കെ, ഭരണകക്ഷിയിലെ 50 മന്ത്രിമാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്.

ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫിലെ 50 മന്ത്രിമാരെ കാണാനില്ലെന്നാണ് പാക് മാധ്യമമായ ദ എസ്‌ക്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രിമാരെ പൊതുഇടങ്ങളില്‍ കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

കാണാതായ മന്ത്രിമാരില്‍ 25 പേര്‍ ഫെഡറല്‍- പ്രൊവിന്‍ഷ്യല്‍ അഡൈ്വസേഴ്‌സും സ്‌പെഷ്യല്‍ അസിസ്റ്റന്റുമാരുമാണ്.

അവിശ്വാസ പ്രമേയത്തെ നേരിട്ട് വിജയിക്കുന്ന കാര്യത്തില്‍ ഇമ്രാന്‍ ഖാന്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് കൂടിയാണ് മന്ത്രിമാരുടെ ‘തിരോധാനം’. ഇത് പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നതിന് ഖാന് കൂടുതല്‍ വെല്ലുവിളിയായിട്ടുണ്ട്.

വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ഫവാദ് ചൗധരി, ഊര്‍ജവകുപ്പ് മന്ത്രി ഹമദ് അസ്ഹര്‍, പ്രതിരോധ വകുപ്പ് മന്ത്രി പര്‍വേസ് ഖട്ടക്, ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് റഷീദ് എന്നിവരാണ് ഇമ്രാന്‍ ഖാനെ പിന്തുണക്കുന്നവരില്‍ പ്രമുഖര്‍.

നേരത്തെ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫിലെ (പി.ടി.ഐ) 24 എം.പിമാര്‍ ഇമ്രാന്‍ ഖാനുള്ള പിന്തുണ പിന്‍വലിച്ചതായും പ്രമേയത്തില്‍ ഇമ്രാന്‍ ഖാനെതിരെ വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണ നേടേണ്ടതുണ്ട്. സഖ്യ കക്ഷികളുടെ പിന്തുണയോടെയാണ് നിലവില്‍ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് രാജ്യം ഭരിക്കുന്നത്.

അതേസമയം, ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് മാര്‍ച്ച് 28ലേക്ക് മാറ്റിയിരിക്കുകയാണ്.

അവിശ്വാസ പ്രമേയം പാസാകുന്ന മുറയ്ക്ക് പുതിയ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പാകിസ്ഥാന്‍ മുസ്ലിം ലീഗ്- നവാസ് (പി.എം.എല്‍-എന്‍) പ്രസിഡന്റുമായ ഷെഹ്ബാസ് ഷെരീഫിനെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യാനൊരുങ്ങുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനായിരുന്നു പ്രതിപക്ഷത്തെ പ്രധാന നേതാക്കളായ മൗലാന ഫസലുര്‍ റഹ്മാന്‍, ആസിഫ് സര്‍ദാരി, ഷെഹബാസ് ഷെരീഫ് എന്നിവര്‍ അവിശ്വാസ പ്രമേയ അവതരണത്തിന് നേതൃത്വം നല്‍കിയത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലും വിലക്കയറ്റം തടയുന്നതിലും പ്രധാനമന്ത്രി എന്ന നിലയില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടു, എന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.

Content Highlight: 50 ministers from Pakistan PM Imran Khan’s party go missing as he fights for survival from non confidence motion

We use cookies to give you the best possible experience. Learn more