ന്യൂദല്‍ഹി: രാജസ്ഥാനിലെ കെയിന്‍ ഇന്ത്യ ഓയില്‍ ഫീല്‍ഡില്‍ നിന്ന് അസംസ്‌കൃത എണ്ണ മോഷ്ടിച്ചു കടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളം കൊണ്ടുപോകുന്ന ടാങ്കറുകളിലാണ് ഇവര്‍ എണ്ണ കടത്തിയത്. 25 പേരെയാണ് പൊലീസ് പിടികൂടിയത്.
Also Read: കളിയല്ല ഇത് കാര്യം! കുതിച്ചുയരുന്ന വില കാരണം തക്കാളിക്ക് സംരക്ഷണം നല്‍കാനായി സായുധ സേന
കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി 50 ദശലക്ഷത്തോളം ലിറ്റര്‍ എണ്ണയാണ് കരയിലെ ഏറ്റവും വലിയ എണ്ണപാടമായ കെയിന്‍ ഇന്ത്യ ഓയില്‍ ഫീല്‍ഡില്‍ നിന്ന് ഇവര്‍ കടത്തിയത്. 49 കോടി രൂപയുടെ ക്രൂഡ് ഓയില്‍ മോഷണം പോയതായാണ് കണക്കാക്കുന്നത്. ജോലിക്കാരായ ഡ്രൈവര്‍മാര്‍, കരാര്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 75-ലേറെ പേര്‍ മോഷ്ടാക്കള്‍ക്ക് ഒത്താശ ചെയ്തതായും കണ്ടെത്തി.
ബ്രിട്ടീഷ് ഖനന കമ്പനിയായ വേദാന്ത റിസോഴ്‌സസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ എണ്ണപ്പാടം. ഖനനത്തിനിടെ ലഭിക്കുന്ന വെള്ളം പുറത്തേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ക്രൂഡോയില്‍ കടത്തിയതെന്നാണ് സംശയം.
വാഹനങ്ങളില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് സംവിധാനം പ്രവര്‍ത്തന രഹിതമാക്കിയായിരുന്നു മോഷണം. സമീപത്തുള്ള രണ്ടു ചെറുകിട ഫാക്ടറി ഉടമകളാണ് സംഘത്തില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നത്. കമ്പനിയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ ക്രൂഡ് ഓയില്‍ മോഷണം കണ്ടെത്തിയത്.