| Friday, 17th August 2012, 2:53 pm

മണിരത്‌നത്തിന്റെ 'കടലി'ന് ചിലവ് 50 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മണിരത്‌നത്തിന്റെ പുതിയ ചിത്രമായ “കടലി”ന്റെ ബജറ്റ് 50 കോടി. സംവിധായകനായ മണിരത്‌നം തന്നെയാണ് കടലിന്റെ നിര്‍മാതാവും. കടലിന്റെ പശ്ചാത്തലത്തില്‍ പറയുന്ന പ്രണയകഥയാണ് “കടല്‍”. []

പുതുമുഖങ്ങളായ ഗൗതം കാര്‍ത്തിക്കും തുളസി നായരുമാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  തമിഴിലെ മുന്‍കാലനായകന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. മുന്‍കാല നായിക രാധയുടെ മകളാണ് തുളസികടലോര നിവാസികളുടെ ജീവിതം ദൃശ്യവത്ക്കരിക്കുന്ന കടല്‍ ഷൂട്ട് ചെയ്യുന്നതാവട്ടെ യഥാര്‍ത്ഥ കടലോര പശ്ചാത്തലത്തില്‍ വെച്ചാണ്. ആലപ്പുഴ, ആന്റമാന്‍ എന്നിവിടങ്ങളിലെ കടല്‍തീരങ്ങളാണ് പ്രധാന ലൊക്കേഷന്‍.

അങ്ങനെ നോക്കുമ്പോള്‍ ഈ ചിത്രത്തിന് ഷൂട്ടിങ് സെറ്റിനായോ താരങ്ങളുടെ പ്രതിഫലത്തിനോ വന്‍ തുക മുടക്കേണ്ട ആവശ്യമേയില്ല. പിന്നെയെങ്ങനെ ബജറ്റ് 50 കോടിയായതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “ഇതൊരു എല്ലാം തികഞ്ഞ മണിരത്‌നം ഫിലിമാണെ”ന്നായിരുന്നു കടലിന്റെ തിരക്കഥാകൃത്ത് ജയമോഹന്റെ മറുപടി.

ദളപതിയിലൂടെ മണിരത്‌നം അവതരിപ്പിച്ച അരവിന്ദ സ്വാമി വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നുവെന്നതും കടലിന്റെ പ്രത്യേകതയാണ്.

അര്‍ജുന്‍, പൊന്‍വണ്ണന്‍, പശുപതി, ലക്ഷ്മി മഞ്ചു, തമ്പി ദുരൈ, പാര്‍ഥിപന്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. എ.ആര്‍.റഹ്മാനാണ് സംഗീതസംവിധായകന്‍.

നവംബറില്‍ തിയേറ്ററുകളിലെത്തുന്ന കടലിന്റെ വിതരണാവകാശം ജെമിനി ഫിലിംസ് 25 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. മണിരത്‌നം ഒരേസമയം മൂന്നു ഭാഷകളിലെടുത്ത “രാവണി”ന്റെ മൊത്തം നിര്‍മാണച്ചെലവ് 100 കോടിയായിരുന്നു.

We use cookies to give you the best possible experience. Learn more