| Sunday, 10th March 2024, 10:00 am

കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീം; ആയഞ്ചേരി കോണ്‍ഗ്രസില്‍ നിന്ന് അമ്പതോളം പ്രവര്‍ത്തകര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: ആയഞ്ചേരി പഞ്ചായത്തില്‍ അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്‍ നേതാക്കളും രാജിവച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം.

മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ വിമത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സീറ്റ് നഷ്ടപ്പെടുത്തിയിരുന്നു.

എന്നാല്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ക്കൊപ്പം പ്രവര്‍ത്തനരംഗത്ത് സജീവമായ തങ്ങളെ പിന്നീട് നടന്ന പാര്‍ട്ടി പുനസംഘടനയില്‍ ഭാരവാഹിത്വങ്ങള്‍ നല്‍കാതെ പാര്‍ട്ടി കാര്യങ്ങള്‍ അറിയിക്കാതെ മാറ്റി നിര്‍ത്തിയെന്ന് രാജിവെച്ചവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഈ നിലപാടിനെതിരെ കെ.പി.സി.സി പ്രസിഡണ്ട് അടക്കമുള്ള നേതാക്കള്‍ക്ക് പരാതി നല്‍കിയിരുന്നെന്നും കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നേതൃത്വം നടപടി സ്വീകരിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ക്കെതിരെ വിമതനായി മത്സരിച്ച ആളെ ഡി.സി.സി പ്രസിഡന്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ 41ാം ദിവസം ആളെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുകയാണ് ഉണ്ടായത്.

അതേസമയം, ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച തങ്ങളെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്നും മാറ്റിനിര്‍ത്തിയെന്നും രാജിവെച്ചവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കടമേരി സുഭാഷ് ഗ്രന്ഥാലയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ബി ടീമായാണ് കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭാവി പരിപാടികള്‍ അടുത്തദിവസം നടക്കുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും ഇവര്‍ പറഞ്ഞു.

ആയഞ്ചേരി മണ്ഡലം മുന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ടി. ശ്രീധരന്‍, ഐ.എന്‍.യു.സി മുന്‍ മണ്ഡലം പ്രസിഡണ്ട് ഇ. രാജീവന്‍, പി.കെ. രാജന്‍, അരയാക്കൂല്‍ രവീന്ദ്രന്‍, മഠത്തില്‍ പോക്കര്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

Content Highlight: 50 Congress Workers And Former Leaders  Resigned In Ayancheri Congress

We use cookies to give you the best possible experience. Learn more