national news
50% കമ്മീഷന്‍ സര്‍ക്കാര്‍ പരാമര്‍ശം; പ്രിയങ്കയുടെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്ത് എം.പി പൊലീസ്
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ബി.ജെപി സര്‍ക്കാരിനെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരില്‍ പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവ് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡോര്‍ പൊലീസ്. ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ച് പരാമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടി.
50 ശതമാനം കമ്മീഷന്‍ നല്‍കിയാലേ പണം ലഭിക്കൂ എന്ന പരാതിയുമായി മധ്യപ്രദേശില്‍ നിന്നുള്ള കരാറുകാരുടെ യൂണിയന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചുവെന്ന പ്രിയങ്കയുടെ പോസ്റ്റിനെതിരെ ബി.ജെ.പി പരാതി നല്‍കിയിരുന്നു. ജ്ഞാനേന്ദ്ര അവസ്തി എന്ന വ്യക്തിയുടെ പേരിലുള്ള വ്യാജ കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന ബി.ജെ.പിയുടെ പ്രാദേശിക ലീഗല്‍ സെല്‍ കണ്‍വീനര്‍ നിമേഷ് പഥകിന്റെ പരാതിയില്‍ കേസെടുത്തുവെന്ന് ഇന്‍ഡോര്‍ പൊലീസ് ട്വീറ്റ് ചെയ്തു.
സന്യോഗിതാഗഞ്ജ് പൊലീസ് സ്റ്റേഷനില്‍ അവസ്തിയ്ക്കെതിരെയും കോണ്‍ഗ്രസ് നേതാക്കളുടെ എക്സ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍ 420 (വഞ്ചന), 469 (പ്രശസ്തിക്ക് കോട്ടം വരുത്തുക എന്ന ഉദ്ദേശത്തോടെയുള്ള വ്യാജരേഖ ചമയ്ക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാംസനേഹി മിശ്ര പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ബന്ധപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകളുടെ ആധികാരികത പൊലീസ് പരിശോധിച്ചുവരികയാണെന്ന് അധികാരികള്‍ അറിയിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ പങ്കുവെച്ചും ബി.ജെ.പി ഭരണം അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ മോശമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് പഥകിന്റെ പരാതിയില്‍ പറയുന്നു.
അതേസമയം വെള്ളിയാഴ്ചയാണ് പ്രിയങ്ക ഗാന്ധി മധ്യപ്രദേശ് സര്‍ക്കാര്‍ 50 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്യുന്നത്.
’50 ശതമാനം കമ്മീഷന്‍ നല്‍കിയതിന് ശേഷം മാത്രമേ തങ്ങള്‍ക്ക് പണം നല്‍കുന്നുള്ളൂവെന്ന് എന്ന് പരാതിപ്പെട്ട് മധ്യപ്രദേശില്‍ നിന്നുള്ള കരാറുകാരുടെ ഒരു യൂണിയന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്.
കര്‍ണാടകയിലെ അഴിമതിയില്‍ മുങ്ങിയിരുന്ന ബി.ജെ.പി സര്‍ക്കാര്‍ 40% കമ്മീഷനായിരുന്നു പിരിച്ചെടുത്തിരുന്നത്. അഴിമതിയുടെ കാര്യത്തില്‍ മധ്യപ്രദേശിലെ ബി.ജെ.പി അവരുടെ തന്നെ റെക്കോഡ് തകര്‍ത്ത് മുന്നേറുകയാണ്.
കര്‍ണാടകയിലെ ജനങ്ങള്‍ 40% കമ്മീഷന്‍ സര്‍ക്കാരിനെ പുറത്താക്കിയിട്ടുണ്ട്. ഇനി മധ്യപ്രദേശിലെ 50% കമ്മീഷന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കും,’ എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്.
പിന്നാലെ കമല്‍ നാഥും അരുണ്‍ യാദവും സമാന പോസ്റ്റ് പങ്കുവെക്കുകയായിരുന്നു.
എന്നാല്‍ നേരത്തെ പ്രിയങ്കാ ഗാന്ധിയുടെ ആരോപണം തെറ്റാണെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഇക്കാര്യം തെളിയിക്കണമെന്ന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടി കള്ളം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പറഞ്ഞു.
content highlights: 50% commission government reference; MP Police registered a case against those who manage Priyanka’s Twitter