| Sunday, 6th October 2024, 1:22 pm

മഹാരാഷ്ട്രയിൽ കോളേജ് ഹോസ്റ്റലിൽ നിന്നും അത്താഴം കഴിച്ച 50 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: മഹാരാഷ്ട്രയിലെ ലാത്തൂർ നഗരത്തിലുള്ള പോളി ടെക്‌നിക് ഹോസ്റ്റലിൽ നിന്നും അത്താഴം കഴിച്ച 50 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ. വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.

പുറൻമൽ ലഹോട്ടി സർക്കാർ പോളി ടെക്നിക്കിൻ്റെ ഭാഗമായ ഹോസ്റ്റലിലാണ് സംഭവം ഉണ്ടായത്. ഹോസ്റ്റലിൽ 324 വിദ്യാർത്ഥിനികളുണ്ട്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ വിദ്യാർത്ഥികൾക്ക് ചോറും ചപ്പാത്തിയും വെണ്ടയ്ക്ക കറിയും പയർ സൂപ്പും അടങ്ങിയ അത്താഴം നൽകിയെന്ന് അധികൃതർ പറഞ്ഞു.

പിന്നാലെ രാത്രി 8.30 ഓടെ പലർക്കും ഓക്കാനം അനുഭവപ്പെടുകയും ചില വിദ്യാർത്ഥികൾക്ക് ഛർദ്ദിക്കുകയും ചെയ്തുവെന്ന് അവർ പറഞ്ഞു.

വിവരമറിഞ്ഞ് കോളേജ് പ്രിൻസിപ്പൽ സംഭവസ്ഥലത്തെത്തി. തുടർന്ന് ലാത്തൂരിലെ വിലാസ് റാവു ദേശ്മുഖ് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ഡീൻ ഡോ.ഉദയ് മൊഹിതെയെ വിവരമറിയിച്ചു. അർദ്ധരാത്രിയോടെ 50 ഓളം വിദ്യാർത്ഥികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡോക്ടർ മൊഹിതേ മാധ്യമങ്ങളോട് പറഞ്ഞു.

ഇവരിൽ 20 പേരെ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഡിസ്ചാർജ് ചെയ്തതായി അദ്ദേഹം പറഞ്ഞു. മറ്റ് 30 വിദ്യാർഥികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘രണ്ട് പെൺകുട്ടികൾക്ക് അത്താഴത്തിന് ശേഷം ഛർദ്ദി അനുഭവപ്പെട്ടു. മറ്റുള്ളവർക്ക് ഓക്കാനം അനുഭവപ്പെട്ടു. തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമുള്ളവർക്ക് അടിയന്തര ചികിത്സ നൽകുന്നുണ്ട്. എല്ലാ പെൺകുട്ടികളുടെയും നില തൃപ്തികരമാണ്. മുഴുവൻ മെഡിക്കൽ സംഘവും ഒപ്പമുണ്ട്. അവർ വേണ്ടവിധം പരിചരണം നൽകുകയും ചെയ്യും,’ ഡോ മൊഹിതെ പറഞ്ഞു.

വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടുകൾ വന്ന ശേഷമേ ഭക്ഷ്യ വിഷബാധക്ക് കാരണം എന്തെന്ന് അറിയാൻ സാധിക്കു എന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു.

സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി, ലാത്തൂർ കളക്ടർ വർഷ താക്കൂർ ഘുഗെയുമായി ബന്ധപ്പെടുകയും ചെയ്തു.

Content Highlight: 50 college students in Maharashtra fall ill after dinner at hostel, hospitalised

We use cookies to give you the best possible experience. Learn more