| Friday, 8th February 2019, 2:36 pm

വരയുടെ ലോകത്തെ 50 പോരാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ചിത്രരചന പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ചിത്ര പ്രദര്‍ശനം. ഡ്രീം ഓഫ് അസിന്റെ ആഭിമുഖ്യത്തില്‍ സ്വപ്‌ന ചിത്ര എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്

14 ജില്ലകളില്‍ നിന്നായി 50 കലാകാരന്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 9 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവരുടെ ചിത്രങ്ങളുണ്ട്. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് ചിത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുക ചിത്രകാരന് തന്നെ നല്‍കാനാണ് സ്വപ്‌നചിത്രയുടെ നീക്കം.

പ്രദര്‍ശനത്തില്‍ ജോയലിന്റേയും നൂറിന്റേയും ചിത്രങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. വായകൊണ്ട് ചിത്രം വരയ്ക്കുന്ന ജോയലിന്റെ ഏറ്റവും വലിയ ആഗ്രഹം ലോകം അറിയുന്ന കലാകാരന്‍ ആവണമെന്നാണ്.

ALSO READ:ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടി; ‘സേവ് അവര്‍ സിസ്റ്റേഴ്‌സ്’ വീണ്ടും സമരത്തിലേക്ക്

ജോയല്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണ്. അവന്‍ മികച്ച രീതിയിലാണ് ചിത്രം വരയ്ക്കുന്നത്. മറ്റുകുട്ടികളേക്കാള്‍ ബുദ്ധിമുട്ടാണ് അവന് ചിത്രം വരയ്ക്കാന്‍. പക്ഷെ അവന്‍ ആസ്വദിച്ച് വരയ്ക്കുന്നതായി പ്രോഗ്രാം ഓര്‍ഗനൈസര്‍ രേവതി പറയുന്നു.

നൂറിന് കൈപത്തിയില്ല. ജോയലിനെപ്പോലെ തന്നെ നൂറും മികച്ച കലാകാരിയാണ്. അവളുടെ വരകളില്‍ പൂര്‍ണതയുണ്ടെന്ന് ചിത്രം കാണാനെത്തിയവര്‍ സാക്ഷ്യപ്പെടുത്തുന്നു. ചിത്ര രചനയ്ക്ക് പുറമെ വയലിനും നൂര്‍ മിടുക്കിയാണ്.



നൂറിന്റെ മനക്കരുത്ത് അപാരമാണെന്ന് പ്രോഗ്രാം ഓര്‍ഗനൈസര്‍ രേവതി പറഞ്ഞു. വയലിനിസ്റ്റ് ആവണമെന്നത് അവളുടെ സ്വപ്‌നമാണെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ജോയലും നൂറും മാത്രമല്ല. ഇവരെപ്പോലെ കരളുറപ്പുള്ള 50 പോരാളികളുടെ ചിത്രങ്ങളാണ് കോഴിക്കോട് സ്വപ്‌നചിത്രയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ബൂദ്ധനും ക്രിസ്തുവും പ്രകൃതിയും സായാഹ്നവും ബേപ്പൂരിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറും ആര്‍ട്ട് ഗ്യാലറിയില്‍ ഇടം പിടിച്ചിട്ടുണ്ട്.  ഭിന്നശേഷിക്കാരിലെ ആര്‍ട്ടിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കലാണ് ലക്ഷ്യം

കോഴിക്കോടിന്റെ വൈകുന്നേരങ്ങള്‍ നമുക്കിനി അലസമായി തള്ളിനീക്കണ്ട. പകരം ആര്‍ട്ട് ഗ്യാലറിയിലേക്ക് പോകം. ആര്‍ട്ട് ഗ്യാലറിയുടെ ഇടനാഴിയിലെ 100 ചിത്രങ്ങള്‍ കണ്ട് അവരുടെ സ്വപ്‌നങ്ങളില്‍ നമുക്കും പങ്കാളികളാകാം. നൂറിന്റേയും നിഖില്‍ കൃഷ്ണയുടേയും ജോയലിന്റേയും സ്വപ്‌നങ്ങളില്‍ നമുക്കും പങ്ക് ചേരാം.

ഡൂള്‍ന്യൂസ് ഡെസ്‌ക്