മൂന്ന് ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 50 കേസുകള്‍; ആശങ്കയോടെ മാലി ദ്വീപിലെ ഇന്ത്യക്കാര്‍; സര്‍ക്കാര്‍ സഹായിക്കണമെന്ന് കുടുങ്ങി കിടക്കുന്ന പ്രവാസികള്‍
COVID-19
മൂന്ന് ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 50 കേസുകള്‍; ആശങ്കയോടെ മാലി ദ്വീപിലെ ഇന്ത്യക്കാര്‍; സര്‍ക്കാര്‍ സഹായിക്കണമെന്ന് കുടുങ്ങി കിടക്കുന്ന പ്രവാസികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st April 2020, 4:48 pm

മാലി: മാലി ദ്വീപില്‍ ഉള്ള പ്രവാസികള്‍ കൊവിഡ് ഭീഷണിയില്‍. ചെറു ദ്വീപുകളായി ചിതറികിടക്കുന്ന മാലിയില്‍ കഴിയുന്ന ആയിരകണക്കിന് ഇന്ത്യക്കാരാണ് ആശങ്കയില്‍ കഴിയുന്നത്.

തങ്ങളുടെ സുരക്ഷയ്ക്കായി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ദ്വീപില്‍ ഉള്‍പ്പെട്ട പ്രവാസികള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
നാല് ലക്ഷത്തോളം ജനസംഖ്യ മാത്രമുള്ള രാജ്യത്ത് ആയിരത്തി ഇരുന്നൂറോളം കൊച്ചു ദ്വീപുകളായി ചിതറിക്കിടക്കുന്നു. ഈ കാരണം കൊണ്ട് തന്നെ കോവിഡ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കുറവാണെന്ന അനുമാനത്തിലായിരുന്നു തങ്ങളെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയെന്നും മാലിയിലെ പ്രവാസികള്‍ പറയുന്നു.

പക്ഷെ രാജ്യത്തിന്റെ തലസ്ഥാനമായ മാലെ സിറ്റിയിലെ ജനസംഖ്യ ഒരു ലക്ഷ്യത്തിനു മുകളിലാണ്. വളരെ ഇടുങ്ങിയ ഈ സിറ്റിയിലൂടെയാണ് മറ്റെല്ലാ ദ്വീപുകളിലേക്കും എല്ലാ ആവശ്യ സാധനങ്ങളും എത്തിക്കുന്നത്. ദ്വീപുകളിലെ നിവാസികള്‍ ഇന്നും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും അടിയന്തര ആരോഗ്യ ആവശ്യങ്ങള്‍ക്കും ഈ പട്ടണത്തിലേക്ക് വരികയും പോവുകയും ചെയ്യുന്നു. അവിടെയാണ് ഇന്ന് വരെ 3 ദിവസത്തിനുള്ളില്‍ 50 ഇല്‍ പരം കോവിഡ് ബാധിതറെ റിപ്പോര്‍ട്ട് ചെയ്തത്. പ്രസവമടക്കമുള്ള ആവശ്യങ്ങള്‍ക്ക് സിംഹഭാഗം സ്വദേശികളും മാലെ സിറ്റിയിലേക്ക് പോവാറാണ് പതിവ്. അവിടെ നിന്ന് ഒരുലക്ഷത്തിലധികം ജനങ്ങള്‍ ‘തീയില്‍ ചവിട്ടി’ നില്‍ക്കുകയുമാണ് എന്നാണ് പ്രവാസികള്‍ പറഞ്ഞിരിക്കുന്നത്.

ജനങ്ങള്‍ മാലെയില്‍ ലോക്ക് ഡൗണ് പ്രഖ്യാപിച്ച ദിവസം വരെ ഞങ്ങള്‍ താമസിക്കുന്ന ദ്വീപുകളിലേക്ക് അവിടെ നിന്ന് വരികയും പല കാരണങ്ങള്‍ക്കായി അവിടേക്ക് പോവുകയും ചെയ്തിരുന്നു.മാലെ കൂടാതെ ഇപ്പോള്‍ മറ്റു ചില ദ്വീപുകളിലും കേസുകള്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏതെങ്കിലും ഒരു ദ്വീപില്‍ വൈറസ് എത്തിക്കഴിഞ്ഞാല്‍ പിന്നെ കമ്മ്യുണിറ്റി രോഗം പരക്കാന്‍ നിമിഷനേരം മതിയാവും. എല്ലാം ചെറിയ ദ്വീപുകളാണ്. ഇനി ബാധിതരായാല്‍ വേണ്ടത്ര ആശുപത്രി സൗകര്യങ്ങളും ഇവിടെ ഇല്ല. ദ്വീപുകളില്‍ കേവലം ചെറിയ ഹെല്‍ത്ത് സെന്ററുകള്‍ മാത്രമാണുള്ളത്. വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ എവിടെയുമില്ല. ബാധിതനായാല്‍ ചികിത്സാ സൗകര്യങ്ങള്‍ വേണ്ടത്ര തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയുമില്ലെന്നും ഇവര്‍ പറഞ്ഞു.

പതിനായിരത്തില്‍ താഴെ മാത്രമായിരിക്കും മാലിയിലെ പ്രവാസികളുടെ എണ്ണം. മൂവായിരത്തില്‍ താഴെ മലയാളികളും. നിലവില്‍ രോഗ ബാധിതരോ കൊറന്റൈനില്‍ കിടക്കുന്നവരൊ അയ പ്രവാസികള്‍ വളരെ തുച്ഛം ആണ്. അത് കൊണ്ട് തന്നെ തങ്ങള്‍ നാട്ടില്‍ വന്നാല്‍ അത് നമ്മുടെ രാജ്യത്തിന് ഒരു ഭീഷണി ആവുകയില്ലെന്നും ഇവര്‍ പറഞ്ഞു.

തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മാലിയിലെ പ്രവാസികള്‍ അഭ്യര്‍ത്ഥിക്കുന്നത്.

DoolNews Video