| Wednesday, 9th January 2019, 11:13 am

സംവരണത്തിന് 50 ശതമാനം പരിധി വെച്ചത് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍; മുന്‍ ചീഫ് ജസ്റ്റിസ് എ.എം അഹ്മദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംവരണ വിഷയം തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണ്  സംവരണത്തിന് 50 ശതമാനം പരിധി വെച്ചതെന്ന് മണ്ഡല്‍ കമ്മീഷന്‍ വിധിയുടെ ഭാഗമായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് എ.എം അഹ്മദി. സാമ്പത്തിക സ്ഥിതി മാത്രം കണക്കിലെടുത്ത് പിന്നാക്കാവസ്ഥ നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട്  പറഞ്ഞു.

മുന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള 10 ശതമാനം സംവരണം സുപ്രീം കോടതി സംവരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിധിക്കെതിരെയുള്ള പ്രത്യക്ഷമായ എതിര്‍പ്പാണെന്നും അദ്ദേഹം പറഞ്ഞു.

Also Read ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്: വി.ടി ബല്‍റാം

“ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 16 പ്രകാരം സാമ്പത്തിക സ്ഥിതി മാത്രം അടിസ്ഥാനമാക്കി പിന്നാക്കാവസ്ഥ നിശ്ചയിക്കാന്‍ കഴിയില്ല. ഞങ്ങളുടെ വിധിയില്‍ ഇത് തീരുമാനിച്ചതാണ്. ഇത് വളരെ വ്യക്തവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചുമായി പ്രത്യക്ഷമായി യോജിച്ചു പോകാത്തതാണ്”- അദ്ദേഹം പറഞ്ഞു.

“ഞാന്‍ കരുതുന്നത് ഇത് കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ട വിഷയമാണെന്നാണ്. ഇത്തരം തീരുമാനം എടുക്കുന്നതിന് മുമ്പ് അറ്റോര്‍ണി ജനറലിന്റെ (കെ.കെ. വേണുഗോപാല്‍) ഉപദേശം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നോ എന്ന് എനിക്കറിയില്ല. ഇത് ഭരണഘടനാപരമായി ഗൗരവമേറിയ ഒരു തീരുമാനമാണ്”- അദ്ദേഹം പറഞ്ഞു.

Also Read സാമ്പത്തിക സംവരണം, സംവരണം അട്ടിമറിക്കാനുള്ള ഗൂഢനീക്കം

ഇന്ദ്ര സാഹ്നിയും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മില്‍ സംവരണവുമായി ബന്ധപ്പെട്ട് നടന്ന കേസില്‍ ചീഫ് ജസ്റ്റിസ് എം.എന്‍. വെങ്കിടാചലയ്യയുടെ അധ്യക്ഷതയിലുള്ള 9 അംഗ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് അഹ്മദി.

ജോലിസാധ്യത സൃഷ്ടിക്കുന്നതിലെ സര്‍ക്കാരിന്‍റെ പരാജയം മറച്ചു വെക്കാനുള്ള വ്യഗ്രതയാണ് ഇത്തരമൊരു തീരുമാനത്തില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു. “സര്‍ക്കാര്‍ പുതിയ ജോലികള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുന്നു. പുതിയ ജോലികള്‍ ഉണ്ടാക്കുമെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. മേക് ഇന്ത്യ നടന്നല്ല. അത് നടന്നിരുന്നെങ്കില്‍ രാജ്യത്ത് തൊഴില്‍സാധ്യത കൂടുമായിരുന്നു. അത് കൊണ്ട് എനിക്കിത് ഒരു തെരഞ്ഞെടുപ്പ് പ്രഹസനമായിട്ടാണ് തോന്നുന്നത്”- അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more