പാരീസ്: ഫ്രാന്‍സിലെ സീന്‍ നദിയിലേക്ക് 50,000 ക്യുബിക് മീറ്റര്‍ മലിനജലം ഒഴുക്കിവിട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ആഴ്ചയായി നദിയിലേക്ക് വലിയ തോതില്‍ മലിനജലം ഒഴുക്കുന്നതായി പ്രാദേശിക നഗര ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സമ്മര്‍ ഒളിമ്പിക്സ് ആരംഭിക്കാനിരിക്കെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഒളിമ്പിക്‌സ് മത്സരങ്ങളുടെ ഭാഗമായി ട്രയാത്ത്ലണ്‍ മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്രഞ്ച് സര്‍ക്കാര്‍ സീന്‍ നദിയില്‍ നീന്താനുള്ള പദ്ധതി ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം.
കോണ്‍ഫ്‌ലന്‍സ്-സെയ്ന്റ്-ഹോണറിനില്‍ നിന്നുള്ള മലിനജലം ശുദ്ധീകരണ പ്ലാന്റിലേക്ക് എത്തിക്കുന്ന ശൃംഖലയില്‍ വലിയ തകരാര്‍ ഉണ്ടായിട്ടുണ്ടെന്ന് മേയര്‍ ലോറന്റ് ബ്രോസ് സംഭവത്തില്‍ പ്രതികരിച്ചു.
പാരീസിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ശുദ്ധീകരണ പ്ലാന്റിലേക്കുള്ള മൂന്ന് പമ്പുകളുടെ പ്രവര്‍ത്തനം വൈദ്യുത തകരാര്‍ മൂലം തടസപ്പെട്ടുവെന്ന് അധികൃതരും അറിയിച്ചു.
ഇതിനെ തുടര്‍ന്നാണ് 50,000 ക്യുബിക് മീറ്ററോളമുള്ള മലിനജലം നദിയിലേക്ക് തുറന്നുവിട്ടതെന്ന് ഗ്രാന്‍ഡ് പാരീസ് സെയ്ന്‍ എറ്റ് ഓയിസ് ഏരിയയുടെ നിയന്ത്രണം കൈയാളുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇപ്പോള്‍ തകരാറിലായ പമ്പിങ് സംവിധാനത്തില്‍ നിന്നുള്ള മലിനജലം നദിയിലേക്ക് പുറന്തള്ളുന്നത് നിര്‍ത്തിവെച്ചതായും അധികൃതര്‍ അറിയിച്ചു.
കനത്ത മഴയും ഇടിമിന്നലുമാണ് പമ്പിങ് സംവിധാനത്തില്‍ തകരാറുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നദിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെക്കുറിച്ച് നാട്ടുകാര്‍ സോഷ്യല്‍ മീഡിയയിയിലൂടെ പരാതിപ്പെടുകയും മാലിന്യങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. അതേസമയം ആശങ്ക ശമിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോയും ഒളിമ്പിക്സിന് മുന്നോടിയായി നദിയില്‍ നീന്തുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്തു.
Content Highlight: 50,000 cubic meters of sewage was reportedly released into the Seine River in France