കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
ചാവേറാക്രമണത്തില്‍ 103 പേര്‍ കൊല്ലപ്പെടുകയും 143 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഹമീസ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പതിമൂന്ന് അമേരിക്കന്‍ പട്ടാളക്കാര്‍ ഉള്‍പ്പെടെ 103 പേര്‍ക്ക് ജീവന്‍ നഷ്ടമായ ആക്രമണം നടന്നത്.
തന്റെ ചുറ്റും ആളുകള്‍ മരിച്ചു വീഴുന്ന ഭയാനകമായ കാഴ്ച ഒരു ദൃക്‌സാക്ഷി ടൈംസ് നൗവ്വിനോട് വിവരിക്കുകയാണ്.
‘ കാള്‍ എന്നാണ് എന്റെ പേര്. ഞാന്‍ ഒരു അഫ്ഗാന്‍ പൗരനാണ്.യുദ്ധസമാനമായ സാഹചര്യമുളള എന്റെ രാജ്യത്തു നിന്നും രക്ഷപ്പെടാനായി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഞാന്‍.
പെട്ടെന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴേക്കും ജനക്കൂട്ടത്തിനു നടുവിലേക്ക് ബോംബ് വീഴുകയായിരുന്നു. എന്റെ കൈയ്യില്‍ ഒരു അഞ്ചു വയസുകാരി വന്നു വീഴുകയും നിമിഷ നേരം കൊണ്ട് മരണപ്പെടുകയും ചെയ്തു’, കാള്‍ ടൈംസ് നൗവ്വിനോട് പറഞ്ഞു.
നാലു ബോംബ് സ്‌ഫോടനങ്ങളാണ് തുടരെ വിമാനത്താവളത്തില്‍ ഉണ്ടായത്. വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് ചെക്കിംഗ് നടക്കുന്ന സമയത്താണ് സംഭവം ഉണ്ടായത്. വിസയും പാസ്‌പോര്‍ട്ടും ഉളളവരെ വിമാനത്താവളത്തിനു പുറത്തേക്ക് മാറ്റിയിരുന്നു. അതാണ് കാള്‍ അടക്കമുളളവര്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കാരണം.
ചോര പുരണ്ട വസ്ത്രങ്ങളും ബാഗുകളും ഇപ്പോഴും വിമാനത്താവള പരിസരത്ത് ചിതറിക്കിടക്കുകയാണ്. പരിക്കേറ്റവരേക്കൊണ്ട് കാബൂളിലെ ആശുപത്രികള്‍ നിറഞ്ഞെങ്കിലും താലിബാന്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രിയില്‍ എത്തുന്നില്ല.
ചാവേറാക്രമണം വകവെക്കാതെയും ആയിരക്കണക്കിനാളുകളാണ് വിമാനത്താവളത്തിലേക്ക് കഴിഞ്ഞ ദിവസം ഇരച്ചു കയറിയത്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഉപ വിഭാഗമായ ഖൊരാസന്‍ ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. അമേരിക്കയും താലിബാനും ഇത് സ്ഥിരീകരിച്ചിരുന്നു.
ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ഐ.എസിനെതിരെ അമേരിക്ക തിരിച്ചടിച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
കിഴക്കന്‍ അഫ്ഗാന്‍ മേഖലയിലെ ഐ.എസ് പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നന്‍ഗര്‍ പ്രവിശ്യയില്‍ ആക്രമണം നടത്തിയെന്നും ചാവേറാക്രമണത്തിനു പദ്ധതിയിട്ട ഐ.എസ് ഭീകരനെ വധിച്ചെന്നും അമേരിക്കന്‍ സേനയിലെ ഉന്നത ഉദ്യോഗസ്ഥനായ ബില്‍ അര്‍ബന്‍ അറിയിച്ചു.
ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അമേരിക്ക പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.
Content Highlight: 5-yr-old baby girl died in my arms: Eyewitness narrates heart-breaking account of Kabul airport bombings