| Friday, 15th October 2021, 4:45 pm

നജീബ് എവിടെയെന്ന ചോദ്യത്തിന് 5 വര്‍ഷങ്ങള്‍

ഷഫീഖ് താമരശ്ശേരി

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള അനേകം ജയിലുകളില്‍ വിചാരണ തടവുകാരായി കഴിയുന്ന നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരുടെ അമ്മമാര്‍, രാജ്യത്തിന്റെ നാനാ ദിക്കുകളില്‍ വെച്ച് പല കാലങ്ങളിലായി വ്യാജ ഏറ്റമുട്ടലുകളില്‍ കൊലചെയ്യപ്പെട്ടവരുടെ അമ്മമാര്‍, ചെയ്യാത്ത കുറ്റത്തിന് ഭൂരിപക്ഷ ഭരണകൂടം തൂക്കിലേറ്റിയ നിരവധി നിരപരാധികളുടെ അമ്മമാര്‍, ഉത്തരേന്ത്യയിലെ ജാതിഗ്രാമങ്ങളില്‍ അധികാരത്തിന്റെ പിന്തുണയോട് കൂടി സവര്‍ണപുരുഷന്‍മാര്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിക്കൊണ്ടിരിക്കുന്ന പിഞ്ചുപെണ്‍കുട്ടികളുടെ അമ്മമാര്‍, രാജ്യത്തെ ഫാസിസ്റ്റ് രാഷ്ട്രീയാധികാരത്തിന്റെ ബിന്‍ബലത്തില്‍ തെരുവുകളില്‍ ഉറഞ്ഞുതുള്ളുന്ന സംഘപരിവാര്‍ ആള്‍ക്കൂട്ടങ്ങളുടെ ക്രൂരമായ മര്‍ദനങ്ങളേറ്റും വെടികൊണ്ടും ചോരവാര്‍ന്ന് മരിക്കുന്ന ദളിതുകളുടെയും ആദിവാസികളുടെയും മുസ്‌ലിങ്ങളുടെയും അമ്മമാര്‍, ഒരു രാത്രിയില്‍ കാണാതായ ഇന്നും ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമറിയാത്ത തങ്ങളുടെ മക്കള്‍ ഏതെങ്കിലുമൊരു രാവില്‍ കതകില്‍ വന്ന് മുട്ടിവിളിക്കുമെന്ന പ്രതീക്ഷയില്‍ ഉറങ്ങാതെ ഇരുട്ടിന് കൂട്ടിരിക്കുന്ന അമ്മമാര്‍. ഇത്തരത്തില്‍ ഒരിക്കലും നീതി കിട്ടിയിട്ടില്ലാത്ത കുറേ അമ്മമാരുടെ കരച്ചില്‍ കൂടിയാണ് സമീപകാല ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം.

ഉത്തര്‍പ്രദേശിലെ ബദായൂനില്‍ ഒരു പിന്നോക്ക ഗ്രാമത്തിലെ കൊച്ചുവീട്ടിലിരുന്ന് ഫാത്തിമ നഫീസ് എന്ന ഉമ്മ കരയാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷമാവുകയാണ്. അവരുടെ മകന്‍ നജീബ് അഹമ്മദ് എവിടെ എന്ന ചോദ്യത്തിന് കഴിഞ്ഞ അര പതിറ്റാണ്ട് കാലമായി ഇവിടുത്തെ ഭരണകൂടത്തിന് ഉത്തരമില്ല എന്ന് മാത്രമല്ല നജീബ് എവിടെ എന്ന ചോദ്യത്തെ സര്‍വ അധികാരവുമുപയോഗിച്ച് അവര്‍ അടിച്ചമര്‍ത്തുകയും ചെയ്യുന്നു.

ചെറുപ്പം മുതലേ പഠനത്തില്‍ മിടുക്കനായിരുന്നു നജീബ്. ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ് ടു പാസായി. സയന്‍സ് ആയിരുന്നു നജീബിന്റെ ഇഷ്ട വിഷയം. ബി.എസ്.സി ബയോടെക്‌നോളജിക്ക് ശേഷം എം.എസ്.സിക്ക് വേണ്ടി എന്‍ഡ്രന്‍സ് എഴുതി. ജെ.എന്‍.യു, ജാമിഅ മിലിയ, അലിഗഡ് എന്നിവിടങ്ങളിലെല്ലാം റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്ന നജീബ് ജെ.എന്‍.യു തെരഞ്ഞെടുത്തു. ശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും സാമൂഹിക വിഷയങ്ങളില്‍ താത്പര്യം കാണിച്ചിരുന്ന നജീബ് അക്കാലത്ത് സര്‍വകലാശാലകളില്‍ അലയടിച്ചിരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ ഭാഗമായി രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

നജീബ് അഹമ്മദ്

2016 ഒക്ടോബര്‍ 14 ന് രാത്രിയില്‍ ജെ.എന്‍.യുവിലെ മഹിമാണ്ഡവി ഹോസ്റ്റലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ 106 ാം നമ്പര്‍ മുറിയിലെ വിദ്യാര്‍ഥിയായ നജീബിനെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രക്ഷിക്കാനെത്തിയ സുഹൃത്തുക്കള്‍ നജീബിനെ വാര്‍ഡന്റെ മുറിയില്‍ എത്തിച്ചെങ്കിലും അവിടെ വെച്ചും എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ കൈയേറ്റം ചെയ്യുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. അന്ന് രാത്രി തന്നെ സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയ നജീബ് ഹോസ്റ്റലില്‍ തിരിച്ചുവന്നു.

പിറ്റേന്ന് രാവിലെ തന്നെ നജീബ് ഉമ്മ ഫാത്തിമ നഫീസിനെ വിളിച്ച് പെട്ടന്ന് ക്യംപസിലെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തര്‍ പ്രദേശിലെ ബദായൂനില്‍ നിന്നും ദല്‍ഹിയിലെത്തിയ ഫാത്തിമ നഫീസിന് നജീബിനെ കാണാന്‍ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെ കാണാതായ നജീബിനെക്കുറിച്ച് ഇന്നുവരെ യാതൊരു വിവരവുമില്ല. എവിടെ എന്റെ മകന്‍ നജീബ് എന്ന ചോദ്യവുമായി ഇന്നും ആ ഉമ്മ സമരമുഖത്താണ്.

രാജ്യതലസ്ഥാനത്ത് കേന്ദ്രഭരണകൂടത്തിന്റെ മൂക്കിന് കീഴില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ കലാലയത്തില്‍ നിന്ന് പട്ടാപ്പകല്‍ ഒരു വിദ്യാര്‍ഥിയെ കാണാതായിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അതേക്കുറിച്ച് ഒരു തുമ്പ് പോലും കണ്ടെത്താന്‍ ഇന്ത്യയിലെ ആഭ്യന്തര സംവിധാനങ്ങള്‍ക്ക് സാധിച്ചില്ല എന്നത് അവിശ്വസനീയമാണ്. കാരണം വലിയ രീതിയില്‍ ആധുനികവത്കരിക്കപ്പെട്ട, സാങ്കേതിവത്കരിക്കപ്പെട്ട ഇന്ത്യയിലെ കുറ്റ്വാന്വേഷണ സംവിധാനം അത്രയ്ക്ക് ദുര്‍ബലമല്ല. പിന്നെന്തുകൊണ്ട് നജീബിന് എന്ത് സംഭവിച്ചുവെന്ന വിവരം പുറംലോകമറിയുന്നില്ല എന്ന ചോദ്യത്തിനുത്തരമാണ് നജീബ് തിരോധാന കേസുമായി ബന്ധപ്പെട്ട് പിന്നീട് നടന്ന സംഭവവികാസങ്ങള്‍.

ഫാത്തിമ നഫീസ്

നജീബിന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്തുന്നതിനേക്കാള്‍ നജീബ് കുറ്റവാളിയാണെന്ന് മുദ്ര കുത്താനും നജീബിന് വേണ്ടി സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താനുമായിരുന്നു ഭരണകൂടത്തിന് തിടുക്കം. കേസിന്റെ തുടക്കത്തില്‍ തന്നെ ജെ.എന്‍.യു അധികാരികളുടെയും ദല്‍ഹി പൊലീസിന്റെയും ഭാഗത്തുനിന്ന് അട്ടിമറി ശ്രമങ്ങളുണ്ടായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി പ്രതിഷേധം നടക്കവെ ജെ.എന്‍.യു അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നജീബിനെ ‘കുറ്റക്കാരന്‍’ എന്നായിരുന്നു വിശേഷിപ്പിച്ചത്.

ജെ.എന്‍.യു അധികൃതര്‍ നജീബിന്റെ തിരോധാനത്തെക്കുറിച്ച് ഔദ്യോഗികമായി പരാതി ഫയല്‍ ചെയ്യുന്നത് പോലും വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ നിരന്തര സമരങ്ങള്‍ക്ക് ശേഷമാണ്. നജീബിന് വേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ സസ്പെന്‍ഷനും ഭീമമായ പിഴയും ചുമത്തിയ സര്‍വകലാശാലാ അധികൃതര്‍ നജീബിനെ മര്‍ദിച്ചവരെ സസ്പെന്റ് ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല എന്ന് മാത്രമല്ല അക്രമികളെ വീണ്ടും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അനുവദിക്കുകയും ചെയ്തു.

അക്രമികളായ എ.ബി.വി.പി പ്രവര്‍ത്തകരുടെ മൊബൈല്‍ പരിശോധിക്കണമെന്ന് പരാതിക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അവരെ അറസ്റ്റ് ചെയ്യാനോ അവരുടെ മൊബൈല്‍ ഫോണിന്റെ പാറ്റേണ്‍ ലോക്ക് തുറന്ന് പരിശോധിക്കാനോ അവരെ നുണപരിശോധനക്ക് വിധേയമാക്കാനോ ഇന്നേവരെ അന്വേഷണ ഏജന്‍സികള്‍ തുനിഞ്ഞില്ല.

എന്നാല്‍ നജീബിന് ഐ.എസ്. ബന്ധമുണ്ടെന്ന വ്യാജ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് അന്വേഷണ സംവിധാനങ്ങള്‍ ചെയ്തത്. നജീബിനെ അക്രമിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാത്ത പൊലീസ്, സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ഫാത്തിമ നഫീസിനെതിരെ പോലും നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അര്‍ധരാത്രി നജീബിന്റെ വീട് റെയ്ഡ് ചെയ്ത് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക വരെ ചെയ്തു.

കേവലം ഒരു മിസ്സിംഗ് കേസ് ആയി മാത്രം കാണാന്‍ കഴിയുന്നതല്ല നജീബിന്റെ തിരോധാനം. ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷകനായിരുന്ന രോഹിത് വെമുല താന്‍ നേരിട്ട ജാതി പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ കാമ്പസുകളില്‍ അലയടിച്ചുയര്‍ന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നജീബിന്റെ തിരോധാനത്തെയും കാണേണ്ടത്. ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ മരണം രാജ്യത്തെ പിടിച്ചുകലുക്കുകയും സംഘപരിവാര്‍ ഭരണകൂടത്തിന് പോറലുകളേല്‍പിക്കുകയും ചെയ്തതിനാല്‍ സമാനമായ മറ്റൊരു പ്രക്ഷോഭത്തെ ഭയന്ന സംഘപരിവാര്‍ എല്ലാം കുഴിച്ചുമൂടകയായിരുന്നുവെന്ന് പറയേണ്ടി വരും.

സമകാലിക ഇന്ത്യയില്‍ ഭൂരിപക്ഷ അധികാര രാഷ്ട്രീയം ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യവര്‍ഗങ്ങളുടെ, വംശങ്ങളുടെ പ്രതീകമാണ് നജീബ്. വിറങ്ങലിച്ച മനസ്സുമായി ഭയത്തോടെ ജീവിക്കുന്ന ആയിരക്കണക്കിന് അമ്മമാരുടെ പ്രതീകമാണ് ഫാത്തിമ നഫീസ്. എന്റെ സമരം എന്റെ മകന്‍ നജീബിന് വേണ്ടി മാത്രമല്ല ഈ രാജ്യത്ത് ഇനിയൊരു കുട്ടിയ്ക്കും ഒരമ്മയ്ക്കും ഈ സ്ഥിതി വരാതിരിക്കാനാണ് എന്ന് സമരമുഖങ്ങളില്‍ നിന്ന് ഫാത്തിമ നഫീസ് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 5 years of Najeeb Ahamed’s disappearance

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more