ഭോപ്പാല്‍: ലൗ ജിഹാദ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ശിക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതുസംബന്ധിച്ച നിയമം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയിരിക്കുകയാണ്.
നേരത്തെ യു.പി, കര്‍ണ്ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളും സമാനമായ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കം.
അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും പ്രതികള്‍ക്ക് കഠിനശിക്ഷ തന്നെ ഏര്‍പ്പെടുത്തുമെന്നും മിശ്ര പറഞ്ഞു.
‘ജാമ്യമില്ലാ വകുപ്പ് വിഭാഗത്തിലാണ് ലൗ ജിഹാദ് കേസുകള്‍ ഉള്‍പ്പെടുത്തുക. മതം മാറ്റത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും ശിക്ഷയേര്‍പ്പെടുത്തും. ജിഹാദ് അല്ലാത്ത സാധാരണ മതപരിവര്‍ത്തനത്തിനും ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കും. മതംമാറ്റത്തിന് ഒരു മാസം മുമ്പ് ജില്ലാ കളക്ടറെ അറിയിക്കണം. ലൗ ജിഹാദ് കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവായിരിക്കും ശിക്ഷ’, മിശ്ര പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ലൗ ജിഹാദിനെതിരെ ഉത്തര്‍പ്രദേശില്‍ നിയമം കൊണ്ടുവരുമെന്നാവര്‍ത്തിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രംഗത്തെത്തിയത്. അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു യോഗിയുടെ ഈ പരാമര്‍ശം.
‘വിവാഹത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. ലൗ ജിഹാദ് തടയാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കും. വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ ‘മാനം’ വെച്ച് കളിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു,’ എന്നായിരുന്നു ആദിത്യ നാഥ് പറഞ്ഞത്.
യു.പിയ്ക്ക് ശേഷം ഈ വിഷയത്തില്‍ പരസ്യ പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ കൂടുതല്‍ രൂക്ഷമാകുകയാണ്. ലൗ ജിഹാദ് കേസുകളില്‍ നിയമനിര്‍മാണത്തെപ്പറ്റി കേന്ദ്രം ആലോചിക്കുന്നുണ്ടെന്നാണ് ഖട്ടര്‍ പറഞ്ഞത്.
തങ്ങളുടെ സംസ്ഥാനവും ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ഖട്ടര്‍ പറഞ്ഞു. നിരപരാധിയായ ഒരു വ്യക്തിയേയും ശിക്ഷിക്കുന്ന രീതിയിലാകില്ല നിയമ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.
ഫരീദാബാദില്‍ കോളെജ് വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്ന സംഭവം ലൗ ജിഹാദുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇതിനെതിരെയുള്ള നിയമനിര്‍മാണത്തെ പറ്റി ആലോചിച്ചുവരികയാണ്. നിയമപരമായ വ്യവസ്ഥകള്‍ പ്രാബല്യത്തിലാക്കുന്നതോടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല. നിരപരാധിയായ ഒരു വ്യക്തിയ്ക്കും ശിക്ഷ ലഭിക്കില്ല- ഖട്ടര്‍ പറഞ്ഞു.
നേരത്തെ ഹരിയാന ആഭ്യന്തര മന്ത്രിയായ അനില്‍ വിജ് ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തണമെന്നാവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ലൗ ജിഹാദിനെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്ന് വിജ് പറഞ്ഞിരുന്നു.
ഏറ്റവുമൊടുവില്‍ കര്‍ണ്ണാടകയിലും സമാനമായ നിയമനിര്‍മ്മാണം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞിരുന്നു.
നവംബര്‍ 4 നാണ് അദ്ദേഹത്തിന്റ ഈ പ്രഖ്യാപനമുണ്ടായത്. ലൗ ജിഹാദ് സാമൂഹിക വിപത്താണെന്നും നിയന്ത്രിക്കാന്‍ അനിവാര്യമായ നിയമം കൊണ്ടുവരുമെന്നുമാണ് യെദിയൂരപ്പ പറഞ്ഞത്.
ലൗ ജിഹാദിലൂടെ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സംഭവങ്ങള്‍ മാധ്യമങ്ങള്‍ കാണുന്നു. ഇതേപ്പറ്റി ഉദ്യോഗസ്ഥരോട് ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ എന്താണ് സ്ഥിതിയെന്നറിയില്ല. കര്‍ണ്ണാടകയില്‍ ഇത് തുടരാന്‍ അനുവദിക്കില്ല. പെണ്‍കുട്ടികളെ പണവും സ്‌നേഹവും കാണിച്ച് പ്രലോഭിപ്പിച്ച് മതംമാറ്റുന്നത് ഗൗരവമായി കാണുന്നു. ഇതിനെതിരെ കനത്ത നടപടികള്‍ സ്വീകരിക്കും-എന്നാണ് യെദിയൂരപ്പ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക