രാജസ്ഥാന്‍: മരുഭൂമിയിലൂടെ നടന്നുപോകുന്നതിനിടെ വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞ അഞ്ച് വയസുകാരി മരിച്ചു. രാജസ്ഥാനിലെ മരുഭൂമിയോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ താമസിക്കുന്ന അഞ്ജലി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴാണ് അതിതീവ്ര നിര്‍ജലീകരണമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് അറിയാന്‍ കഴിഞ്ഞത്. അഞ്ജലിക്കൊപ്പമുണ്ടായിരുന്ന അറുപതുകാരിയായ മുത്തശ്ശി സുഖി ആശുപത്രിയില്‍ ചികിത്സയിലാണ്.
റായ്പൂരിലെ സിരോഹിയിലാണ് അഞ്ജലിയും മുത്തശ്ശിയും താമസിച്ചിരുന്നത്. ജൂണ്‍ 5ന് ബന്ധുവീട്ടിലേക്ക് പോകാന്‍ നടത്തിയ യാത്രക്കിടെയാണ് അഞ്ജലിക്ക് ജീവന്‍ നഷ്ടമായത്.
റോഡ് മാര്‍ഗം 19 കിലോമീറ്റര്‍ ദൂരമുള്ള ദുലിയയിലേക്കായിരുന്നു ഇവര്‍ക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ സാധാരണ പോകാറുള്ള 9 കിലോമീറ്റര്‍ മാത്രം ദൂരമുള്ള എളുപ്പമാര്‍ഗത്തിലൂടെ പോകാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
ഇടയ്‌ക്കെല്ലാം പോകുന്ന വഴിയാണ് ഇതെന്നും എന്നാല്‍ ഇപ്രാവശ്യം അഞ്ജലി കുപ്പിവെള്ളമെടുക്കാന്‍ മറന്നുപോയെന്നാണ് മുത്തശ്ശി പറയുന്നത്.
ജൂണ്‍ ആറിന് വൈകീട്ടോടെ ആട്ടിടയനായ നാഗ്ജി രാം എന്നയാളാണ് അഞ്ജലിയെയും സുഖിയെയും വഴിയരികില്‍ തളര്‍ന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അഞ്ജലി അപ്പോഴേക്കും മരിച്ചിരുന്നു.
അഞ്ജലിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ രാജസ്ഥാനിലെ ടാപ്പ് വഴിയുള്ള ജലവിതരണ സംവിധാനത്തിലെ പോരായ്മകളെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷേഖാവത് രംഗത്തുവന്നു. ഗ്രാമപ്രദേശങ്ങളില് ടാപ്പ് വഴിയുള്ള ജലവിതരണ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ ഏറെ പുറകിലാണ് സംസ്ഥാനമെന്ന് ഗജേന്ദ്ര ഷേഖാവത് പറഞ്ഞു.
കേന്ദ്ര ഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളുമുള്ള 33 പേരുടെ പട്ടികയില്‍ എന്തുകൊണ്ടാണ് രാജസ്ഥാന് 29ാം സ്ഥാനം ലഭിച്ചിരിക്കുന്നതെന്ന് ഗെലോട്ട് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഗജേന്ദ്ര ഷേഖാവത് ആവശ്യപ്പെട്ടു.