കുടുംബത്തിലേക്ക് ഒരു കുഞ്ഞിന്റെ കടന്നുവരവ് തീര്‍ച്ചയായും മാറ്റങ്ങളുണ്ടാക്കും. നമ്മുടെ കാര്യം നോക്കുന്നതിനൊപ്പം കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനിടയില്‍ സ്വന്തം ശരീരവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സ്ത്രീകള്‍ മറക്കും. അതില്‍ പ്രധാനമാണ് മുടിയുടെ കാര്യം.
ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ അമ്മയുടെ ഈസ്ട്രജന്‍ ലെവല്‍ കുറയാന്‍ തുടങ്ങും. അതോടെ മുടികൊഴിച്ചിലും ആരംഭിക്കും. ആ മുടികൊഴിച്ചില്‍ കാരണം നിങ്ങള്‍ ബുദ്ധിമുട്ടുകയാണോ? എങ്കില്‍ ഈ കുറിപ്പ് തീര്‍ച്ചയായും നിങ്ങള്‍ക്ക് സഹായകരമാകും.
പ്രസവശേഷമുള്ള മുടികൊഴിച്ചില്‍ തടയാനുള്ള അഞ്ച് മാര്‍ഗങ്ങള്‍:
മുടിയുടെ കാര്യം ശ്രദ്ധിക്കാന്‍ അധികം സമയമൊന്നും ചിലവഴിക്കാനാവാത്തവര്‍ക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഹെയര്‍ പാക്കുണ്ട്. മുട്ടയുടെ വെള്ളയും മൂന്ന് ടേബിള്‍സ്പൂണ്‍ ഒലിവോയിലും എടുക്കുക. നന്നായി മിക്‌സ് ചെയ്ത് ഹെയര്‍ മാസ്‌കായി ഉപയോഗിക്കാം. മുടി സ്മൂത്താവുകയും തലയോട്ടിയ്ക്ക് പോഷണമേകുകയും ചെയ്യും.
രാത്രി അല്പം ഉലുവ വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. രാവിലെ ഈ വെള്ളം തലയോട്ടിയില്‍ പുരട്ടുക. രണ്ടുമണിക്കൂറിനുശേഷം കുളിക്കുക. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നിനൊപ്പം താരനുണ്ടെങ്കില്‍ അത് കളയാനും കഴിയും.
മുടിയ്ക്കു പറ്റിയ ഏറ്റവും മികച്ച കണ്ടീഷണറാണ് തൈര്. അല്പം തൈര് പുരട്ടി പത്തുമിനിറ്റിനുശേഷം കഴുകാം.
വെളിച്ചെണ്ണയ്ക്കു പകരം തലയില്‍ തേങ്ങാപ്പാല്‍ ഉപയോഗിച്ചു നോക്കൂ. മുടി കൊഴിച്ചില്‍ തടയുമെന്നു മാത്രമല്ല മുടി വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.
മുടികൊഴിച്ചില്‍ തടയാന്‍ ഏറ്റവും സഹായകരമാണ് കഞ്ഞുണ്ണി. കഞ്ഞുണ്ണിയില നന്നായി അരച്ചെടുത്ത് നേരിട്ടോ പാലില്‍ ചേര്‍ത്തോ തലയില്‍ പുരട്ടുക.