ലക്ഷ്യം ബി.ജെ.പി തന്നെ; മമതയെ വീണ്ടും പ്രതിരോധത്തിലാക്കി അഞ്ച് തൃണമൂല്‍ നേതാക്കള്‍ ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിക്കും
national news
ലക്ഷ്യം ബി.ജെ.പി തന്നെ; മമതയെ വീണ്ടും പ്രതിരോധത്തിലാക്കി അഞ്ച് തൃണമൂല്‍ നേതാക്കള്‍ ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th January 2021, 5:33 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍മന്ത്രി രജീബ് ബാനര്‍ജിയടക്കം അഞ്ച് തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയില്‍ ഇന്ന് ചേരും. ഇതിന്റെഭാഗമായി രജീബ് അടക്കം അഞ്ച് തൃണമൂല്‍ നേതാക്കള്‍ ദല്‍ഹിയിലേക്ക് യാത്ര തിരിച്ചതായാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച നടക്കാനിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ബംഗാള്‍ സന്ദര്‍ശനചടങ്ങില്‍ വെച്ചാകും ഇവര്‍ ബി.ജെ.പി അംഗത്വം സ്വീകരിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഷാ യുടെ ബംഗാള്‍ യാത്ര പെട്ടെന്ന് നിര്‍ത്തിവെച്ചതോടെയാണ് അഞ്ച് നേതാക്കളെയും ദല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വെച്ചാകും പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

രജീബ് ബാനര്‍ജി, എം.എല്‍.എമാരായ പ്രഭിര്‍ ഘോസാല്‍, വൈശാലി ദാല്‍മിയ, മുന്‍ ഹൗറ മേയര്‍ റതിന്‍ ചക്രവര്‍ത്തി എന്നിവര്‍ പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ വെച്ച് ബി.ജെ.പി ദേശീയ നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തും.

അമിത് ഷാ ക്ഷണിച്ചതു പ്രകാരമാണ് ദല്‍ഹിയിലെത്തുന്നതെന്നാണ് രജീബ് ബാനര്‍ജി പറഞ്ഞത്.

തൃണമൂലില്‍ നിന്ന് രാജിവെച്ച ശേഷം ബി.ജെ.പി നേതൃത്വത്തില്‍ തനിക്ക് ക്ഷണമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ ദല്‍ഹിയിലെത്തണമെന്നാണ് അമിത് ഷാ പറഞ്ഞതെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. ബംഗാളിന്റെ വികസനവുമായി ബന്ധപ്പെട്ട ഉറപ്പ് ലഭിച്ചാല്‍ ബി.ജെ.പിയില്‍ താന്‍ ചേരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസം തൃണമൂല്‍ എം.എല്‍.എ സ്ഥാനവും രജീബ് ബാനര്‍ജി രാജിവെച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാബിനറ്റില്‍ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് എം.എല്‍.എ സ്ഥാനവും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചത്.

ജനുവരി 22നാണ് പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി മന്ത്രിസ്ഥാനം രാജിവെച്ചത്. പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്.

കഴിഞ്ഞദിവസം തൃണമൂല്‍ എം.എല്‍.എ അരിന്ദം ഭട്ടാചാര്യ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിരിക്കുകയാണ്.

നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.

സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.

ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷ്മി രത്തന്‍ ശുക്ല രാജിവെച്ചതും വാര്‍ത്തയായിരുന്നു. ബംഗാള്‍ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തന്‍. മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ് അദ്ദേഹം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂല്‍ എം.എല്‍.എ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; 5 Trinamool Congress Leaders Join BJP Today