ഐ.പി.എല്ലിന്റെ പുതിയ സീസണിന് ആളും ആരവവുമായി കൊടിയേറിയിരിക്കുകയാണ്. പുതിയ രണ്ട് ഫ്രാഞ്ചൈസികളും മെഗാ ലേലവും കളിക്കുമുമ്പേ ആവേശം വാനോളം ഉയര്‍ത്തിയിട്ടുണ്ട്. 10 ടീമുകളാണ് ഇത്തവണ കിരീടമോഹവുമായി മൈതാനത്തിറങ്ങുന്നത്. റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു, ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്സ്, ദല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരാണ് ആ ടീമുകള്‍.
വിവാദങ്ങളും സര്‍പ്രൈസുകളും കൊണ്ട് ഐ.പി.എല്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഡേവിഡ് വാര്‍ണറും സണ്‍റൈസേഴ്സും തമ്മിലുള്ള ഉടക്കും ധോണി ചെന്നൈയുടെ നായകസ്ഥാനത്ത് നിന്നും പടിയിറങ്ങിയതും ട്വിറ്ററിലെ കളി കൂടിപ്പോയതിന് ആരാധകര്‍ രാജസ്ഥാനോട് കലിപ്പിലായതും എല്ലാം തന്നെ ക്രിക്കറ്റിലെ സജീവ ചര്‍ച്ചാ വിഷയങ്ങളാണ്.
എന്നാല്‍ ഇത്തവണത്തെ ഐ.പി.എല്ലില്‍ ചര്‍ച്ച പോലുമാവാത്ത ചിലരുണ്ട്, മുന്‍ ഐ.പി.എല്‍ സീസണുകളില്‍ കളം നിറഞ്ഞാടിയിരുന്ന ചില വമ്പന്‍ ടീമുകള്‍. അങ്ങനെ ഒരു കാലത്ത് ഐ.പി.എല്ലിന്റെ ഭാഗമായ എന്നാല്‍ ഇപ്പോള്‍ ഐ.പി.എല്ലില്‍ ഇല്ലാത്ത ടീമുകളെ കുറിച്ചാണ് പറയുന്നത്.
ഡെക്കാന്‍ ചാര്‍ജേഴ്സ്
ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ 2012 വരെ ടൂര്‍ണമെന്റിന്റെ ഭാഗമായ ടീമാണ് ഡെക്കാന്‍ ചാര്‍ജേഴ്സ്. കേവലം വന്നുപോയ ടീമുകളില്‍ ഒന്ന് എന്ന നിലയില്‍ മാത്രമല്ല, ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറെ പ്രധാന്യത്തോടെ ചര്‍ച്ച ചെയ്യുന്ന പേരുകളില്‍ ഒന്നുകൂടിയാണ് ഡെക്കാന്റേത്. ഇതുവരെ ഐ.പി.എല്ലിന്റെ കിരീടം സ്വന്തമാക്കിയ ആറ് ടീമുകളില്‍ ഒന്നാണ് ഡെക്കാന്‍ ചാര്‍ജേഴ്സ് എന്ന് പറയുമ്പോള്‍ തന്നെ ഈ ടീം ആരായിരുന്നുവെന്ന് മനസിലാവും.
റൈസിംഗ് ഫ്രം ദി ആഷസ് എന്ന ഫ്രെയ്സിനെ ഇത്രയേറെ അര്‍ത്ഥവത്താക്കിയ ടീമുകള്‍ കായിക ചരിത്രത്തില്‍ തന്നെ അപൂര്‍വമായിരിക്കും. ആദ്യ സീസണില്‍ ഒന്നിന് പിറകെ ഒന്നായി തോല്‍വികളേറ്റുവാങ്ങി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ടീം തൊട്ടടുത്ത സീസണില്‍ ചാമ്പ്യന്‍മാരാവുന്ന കാഴ്ചയാണ് ഡി.എല്‍.എഫ് ഐ.പി.എല്ലും ഇന്ത്യയും ഒരുപോലെ കണ്ടത്. എന്നാല്‍ തുടര്‍ന്നുള്ള സീസണുകളില്‍ ആ പ്രകടനം പൂര്‍ണമായും കാഴ്ചവെക്കാന്‍ ടീമിന് കഴിയാതെ പോയി.
ആദം ഗില്‍ക്രിസ്റ്റ്, വി.വി.എസ് ലക്ഷ്മണ്‍, കുമാര്‍ സംഗക്കാര, രോഹിത് ശര്‍മ, ആന്‍ഡ്രൂ സൈമണ്ട്സ്, സ്‌കോട്ട് സ്റ്റൈറിസ്, ഹെര്‍ഷല്‍ ഗിബ്സ്, ചാമിന്ദ വാസ്, ഷാഹിദ് അഫ്രിദി തുടങ്ങിയവര്‍ പല സീസണുകളിലായി ഡെക്കാന് വേണ്ടി കളിച്ച താരങ്ങളാണ്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ സ്വന്തമാക്കിയ രോഹിത് ശര്‍മ, ഐ.പി.എല്ലിന്റെ കിരീടത്തില്‍ ആദ്യമായി മുത്തമിടുന്നത് ഡെക്കാനോടൊപ്പമാണ്. 2012ല്‍ ടീം ഓണറായ ഡെക്കാന്‍ ക്രോണിക്കിള്‍ ഐ.പി.എല്ലില്‍ നിന്നും പിന്മാറിയതോടെ രണ്ടാം സീസണിലെ ചാമ്പ്യന്‍മാര്‍ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ മാത്രം ഒതുങ്ങി പോവുകയായിരുന്നു.
കൊച്ചി ടസ്‌കേഴ്സ് കേരള
കേരളാ ബ്ലാസ്റ്റേഴ്സും ഐ.എസ്.എല്ലും വരുന്നതിന് മുമ്പ് തന്നെ കേരളത്തിനും കൊച്ചിക്കും സ്വന്തമായി ഒരു കൊമ്പന്‍ ഉണ്ടായിരുന്നു, അതാണ് കൊച്ചി ടസ്‌കേഴ്സ് കേരള. ഐ.പി.എല്ലിന്റെ ഒരു സീസണില്‍ മാത്രം വന്ന് പിന്നെ എങ്ങോ പോയ്മറഞ്ഞ ടീമായിരുന്നു കെ.ടി.കെ.
പറയത്തക്ക മികച്ച പ്രകടനം ഒന്നും തന്നെ ആ സീസണില്‍ ഉണ്ടായില്ലെങ്കിലും, മലയാളികളുടെ സ്വന്തം ടീം എന്ന നിലയില്‍ ആളുകള്‍ക്ക് ഇപ്പോഴും ചെറിയൊരിഷ്ടം ടസ്‌കേഴ്സിനോടുണ്ട്. ബ്രന്‍ഡന്‍ മക്കെല്ലം, മഹേല ജയവര്‍ധന, മുത്തയ്യ മുരളീധരന്‍, രവീന്ദ്ര ജഡേജ, സറ്റീവ് സ്മിത്ത്, തിസര പെരേര, പാര്‍ത്തിവ് പട്ടേല്‍ മലയാളികളുടെ സ്വന്തം എസ്. ശ്രീശാന്ത് തുടങ്ങിയ താരങ്ങളൊക്കെയുണ്ടായിട്ടും ടസ്‌കേഴ്സിന് കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലാതെ പോയി.
ടീം ഉടമകള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് പുറമെ സാമ്പത്തിക ബാധ്യതയും ഏറി വന്നതോടെ കൊച്ചിയുടെ വിധി ഏതാണ്ട് തീരുമാനിക്കപ്പെടുകയായിരുന്നു. ഇതോടെ അടുത്ത ഒരു സീസണിലേക്ക് ഇല്ലാത്ത വിധം ടീമിന്റെ പതനം പൂര്‍ത്തിയാവുകയായിരുന്നു.
പൂനെ വാറിയേഴ്സ് ഇന്ത്യ
ഈയൊരു ടീമിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലെങ്കില്‍ പോലും ആരും നിങ്ങളെ കുറ്റം പറയില്ല, കാരണം ഇങ്ങൊരു ടീം വന്നതും പോയതും അധികമാരും തന്നെ അറിഞ്ഞിട്ടില്ല. 2011ല്‍ കൊച്ചിക്കൊപ്പം ഐ.പി.എല്ലിലേക്ക് വന്ന ടീമാണ് പൂനെ വാറിയേഴ്സ്. കൊച്ചി ടസ്‌കേഴ്സുമായി താരതമ്യം ചയ്യുമ്പോള്‍ രണ്ട് സീസണ്‍ അധികം ഐ.പി.എല്ലില്‍ ഉണ്ടായിരുന്നു എന്നതുമാത്രമാണ് ടീമിന്റെ ഒരു നേട്ടമായി കണക്കാക്കാനാവുന്നത്.
സൗരവ് ഗാംഗുലി, യുവരാജ് സിംഗ്, അജന്ത മെന്‍ഡിസ്, ആരോണ്‍ ഫിഞ്ച്, ഏയ്ഞ്ചലോ മാത്യൂസ്, റോബിന്‍ ഉത്തപ്പ, അലി മൊര്‍ത്താസ തുടങ്ങിയ മാച്ച് വിന്നിംഗ് പ്ലെയേഴ്സ് ഒപ്പമുണ്ടായിട്ടും ടീമിന് ഒന്നും ചെയ്യാന്‍ പറ്റിയില്ല എന്നതാണ് സങ്കടം.
ഏതെങ്കിലും രീതിയില്‍ പൂനെ വാറിയേഴ്സ് ഓര്‍മിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ക്രിസ് ഗെയ്ല്‍ എന്ന ഒറ്റയാള്‍ കാരണമാണ്. ഐ.പി.എല്ലിലെ ഏറ്റവുമയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഗെയ്ല്‍ അടിച്ചെടുത്തത് പൂനെ വാറിയേഴ്സിനെതിരെയാണ്. 2013ല്‍ ആര്‍.സി.ബിയുടെ ഭാഗമായിരിക്കെ താരം നേടിയ 175 തന്നെയാണ് ഇപ്പോഴും ടൂര്‍ണമെന്റിലെ ഹൈയസ്റ്റ് ഇന്‍ഡിവിജ്വല്‍ സ്‌കോര്‍.
റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ്
പൂനെ ആസ്ഥാനമാക്കിയുള്ള മറ്റൊരു ഫ്രാഞ്ചൈസിയായിരുന്നു 2016, 2017 സീസണുകളില്‍ ഐ.പി.എല്ലിന്റെ ഭാഗമായ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ്. വാതുവെപ്പ് വിവാദത്തിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനും രാജസ്ഥാന്‍ റോയല്‍സിനും വിലക്ക് നേരിടേണ്ടി വന്നതിന്റെ ഭാഗമായാണ് ആര്‍.പി.എസ്.ജെ ഐ.പി.എല്ലിന്റെ ഭാഗമായത്.
ചെന്നൈ സൂപ്പര്‍ കിംഗ്സ് അല്ലാതെ ധോണി ഐ.പി.എല്ലിന്റെ ഭാഗമയ ഒരേയൊരു ടീം കൂടിയാണ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ്. ധോണിക്ക് പുറമെ ഫാഫ് ഡുപ്ലസിസ്, അജിന്‍ക്യ രഹാനെ, ബെന്‍ സ്റ്റോക്സ്, ഇമ്രാന്‍ താഹിര്‍, ഉസ്മാന്‍ ഖവാജ, ആദം സാംപ, മിച്ചല്‍ മാര്‍ഷ്, ജയദേവ് ഉനദ്കട്, ആര്‍. അശ്വിന്‍ തുടങ്ങി വമ്പന്‍ താരനിരയായിരുന്നു ടീമിന്റെ കരുത്ത്.
2017 ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് ഒരു റണ്ണിന് പരാജയപ്പെട്ട്, റണ്ണേഴ്സ് അപ്പായാണ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് ഐ.പി.എല്ലിനോട് വിട പറഞ്ഞത്.
ടീമിന്റെ ഉടമയായ സഞ്ജീവ് ഗോയങ്കേ ഇത്തവണത്തെ ഐ.പി.എല്ലില്‍ പുതിയ ടീമുമായെത്തിയിട്ടുണ്ട്. പുതുതായി ചേര്‍ക്കപ്പെട്ട ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് ഗോയങ്കേയുടെ പുതിയ ടീം. 2017ല്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചെടുക്കാനാണ് സൂപ്പര്‍ ജയന്റ്സ് ഇത്തവണ ലക്ഷ്യമിടുന്നത്.
ഗുജറാത്ത് ലയണ്‍സ്
ഐ.പി.എല്ലില്‍ ഉടലെടുത്ത വാതുവെപ്പ് വിവാദത്തിന് പിന്നാലെ രണ്ട് ടീമുകളെ വിലക്കിയപ്പോള്‍ പകരമെത്തിയ രണ്ടാമത്തെ ടീമാണ് ഗുജറാത്ത് ലയണ്‍സ്. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിനെ പോലെ 2016, 2017 സീസണുകളിലാണ് ലയണ്‍സും ഐ.പി.എല്ലിന്റെ ഭാഗമായത്.
ഡെബ്യു സീസണില്‍ തന്നെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതായി ഓടിയെത്തിയെങ്കിലും നോക്കൗട്ട് ഘട്ടത്തില്‍ കാലിടറി വീഴുകയായിരുന്നു. തൊട്ടടുത്ത സീസണില്‍ ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ 2017ലെ എട്ട് ടീമുകളില്‍ ഒന്ന് നിലയില്‍ മാത്രം ഗുജറാത്ത് ലയണ്‍സ് ഒതുങ്ങിപ്പോയി.
സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്, ബ്രന്‍ഡന്‍ മക്കെല്ലം, ജേസണ്‍ റോയ്, ഡ്വയ്ന്‍ ബ്രാവോ, ഇര്‍ഫാന്‍ പത്താന്‍, ഇഷാന്‍ കിഷന്‍, ധവാല്‍ കുല്‍ക്കര്‍ണി തുടങ്ങി വമ്പന്‍ താരനിരയായിരുന്നു ടീമിന്റെ കരുത്ത്.
രണ്ട് വര്‍ഷത്തെ വിലക്കിന് സേഷം രാജസ്ഥാനും ചെന്നൈയും തിരികെയെത്തിയപ്പോള്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിനെ പോലെ ലയണ്‍സും കിരീടമോഹങ്ങള്‍ ബാക്കിയാക്കി പടിയിറങ്ങുകയായിരുന്നു.
നേരത്തെ ഐ.പി.എല്ലില്‍ ഉണ്ടായിരുന്ന ദല്‍ഹി ഡെയര്‍ ഡെവിള്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും തങ്ങളുടെ പേര് മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്. ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ദല്‍ഹി ക്യാപിറ്റല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബ് പഞ്ചാബ് കിംഗ്സുമായപ്പോള്‍ പേരും ലോഗോയും മാത്രമാണ് മാറ്റിയത്. ടീം ഇപ്പോഴും പഴയതു തന്നെയാണ്.
മുകളില്‍ പറഞ്ഞ ടീമുകളൊന്നുമല്ല ഇപ്പോള്‍ ഐ.പി.എല്ലിന്റെ ചര്‍ച്ചാ വിഷയം. അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈയും നാല് തവണ കിരീടം ചൂടിയ ചെന്നൈയും തങ്ങളുടെ കിരീടങ്ങളുടെ എണ്ണം കൂട്ടുമോ? അതോ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ ബെംഗലൂരൂവും ദല്‍ഹിയും പഞ്ചാബും ഇത്തവണയെങ്കിലും തങ്ങളുടെ ആദ്യ കിരീടത്തില്‍ മുത്തമിടുമോ? അതല്ല കന്നിക്കാരായ രണ്ടു ടീമുകള്‍ ഐ.പി.എല്ലില്‍ അട്ടിമറി വിജയം നേടുമോ? എന്നെല്ലാമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചകള്‍. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടാവും വരെ ക്രിക്കറ്റ് ആരവത്തിന് കാതോര്‍ക്കാം.
Content Highlight: 5 teams that were in the IPL before