ജിന്‍സി ടി.എം
ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചത് ഭരണവിരുദ്ധ വികാരം. നിലവിലെ ഭരണകക്ഷിയ്‌ക്കെതിരായ ജനരോഷമാണ് ഈ സംസ്ഥാനങ്ങളില്‍ പ്രതിഫലിച്ചതെന്ന് തെരഞ്ഞെടുപ്പു ഫലം പരിശോധിച്ചാല്‍ വ്യക്തമാകും.
മോദി ഭരണത്തിനും നോട്ടുനിരോധനത്തിനുമുള്ള ജനങ്ങളുടെ മാര്‍ക്കിടല്‍ എന്ന രീതിയിലാണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ പ്രചരിച്ചത്. എന്നാല്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമ്പോഴും അത്തരം ഒരു അവകാശവാദം ഉന്നയിക്കാനാവില്ല എന്നതാണ് തെരഞ്ഞെടുപ്പു ഫലം പരിശോധിക്കുമ്പോള്‍ കാണാനാവു.
ബി.ജെ.പി അധികാരത്തിലില്ലാത്ത ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബി.ജെ.പിക്ക് മുന്നേറ്റം കാഴ്ചവെയ്ക്കാനായത്. അതേസമയം അവര്‍ ഭരണകക്ഷിയായ പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി ലഭിച്ചിരിക്കുകയാണ്.
ഗോവയില്‍ മുഖ്യമന്ത്രിയായ ലക്ഷ്മികാന്ത് പര്‍സേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെടുന്നതാണ് കാണാനാവുന്നത്. പഞ്ചാബില്‍ ഭരണകക്ഷിയായ അകാലിദള്‍-ബി.ജെ.പി സഖ്യത്തെ തകര്‍ത്ത് കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇവിടെ ബി.ജെ.പിക്ക് രണ്ടു സീറ്റുകളില്‍ മാത്രമാണ് ഇതുവരെ വിജയിക്കാനോ മുന്നിട്ടു നില്‍ക്കാനോ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ മോദി പ്രഭാവത്തേക്കാള്‍ ഭരണവിരുദ്ധ വികാരമാണ് ഈ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചതെന്നതു വ്യക്തമാണ്.
യു.പിയില്‍ ഭരണകക്ഷിയായ സമാജ്പാര്‍ട്ടിയ്‌ക്കെതിരെ ബി.ജെ.പി വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടും സമാജ്‌വാദി പാര്‍ട്ടിക്കു കാര്യമായ ഗുണം ചെയ്തില്ല എന്നാണ് വ്യക്തമാക്കുന്നത്. ഇവിടെ ഭരണവിരുദ്ധ വികാരത്തിനൊപ്പം ബി.എസ്.പി വോട്ടുകള്‍ ചോര്‍ത്താന്‍ ബി.ജെ.പി നടത്തിയ തന്ത്രപരമായ ഇടപെടലുകളുമാണ് അവര്‍ക്ക് ഗുണകരമായതെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍.
Must Read: യു.പിയില്‍ എന്തുകൊണ്ട് ബി.ജെ.പി ജയിച്ചു?
പരമ്പരാഗത ബി.എസ്.പി വോട്ടുകള്‍ ലക്ഷ്യമിട്ടാണ് യു.പിയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. പതിവുപോലെ വര്‍ഗീയ കാര്‍ഡിറക്കി കളിച്ച ബി.ജെ.പി ബി.എസ്.പിക്കൊപ്പം നില്‍ക്കുന്ന ജാതവ ദളിത് വോട്ടുകള്‍ ഒഴികെയുള്ള ദളിത് വോട്ടുകളും മേല്‍ജാതിക്കാരുടെ വോട്ടുകളുമാണ് ലക്ഷ്യമിട്ടത്. ഇതിനായി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജാതവ ഇതര ദളിത് വിഭാഗങ്ങള്‍ക്ക് വന്‍ പ്രാധാന്യം നല്‍കി. ഇതിനു മുമ്പ് 1991ലാണ് ബി.ജെ.പി ഇത്തരമൊരു തന്ത്രം യു.പിയില്‍ പയറ്റിയത്.
14 വര്‍ഷങ്ങള്‍ക്കുശേഷമാണ് യു.പിയില്‍ ബി.ജെ.പി ഭരണം പിടിക്കാന്‍ കഴിയുന്നത്. 1991ലാണ് ബി.ജെ.പി അവസാനമായി യു.പിയില്‍ അധികാരത്തിലെത്തിയത്. 91 അധികാരത്തിലെത്തിയ ബി.ജെ.പി ഭരണത്തിലെത്തിയശേഷം പതിവു രീതിയില്‍ വര്‍ഗീയ കാര്‍ഡിറക്കി കളിക്കുകയാണുണ്ടായത്. 92ലെ ബാബറി മസ്ജിദ് തകര്‍ച്ചയും, വര്‍ഗീയ കലാപങ്ങളുമെല്ലാം 14 വര്‍ഷം ബി.ജെ.പിയെ യു.പിയില്‍ നിന്നും അകറ്റി നിര്‍ത്തുകയാണുണ്ടായത്.
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം സമാനമായ രീതിയില്‍ തന്നെ ബി.ജെ.പി യു.പിയില്‍ അധികാരത്തിലെത്തുന്ന സ്ഥിതിയാണ് കാണാനാവുന്നത്. അതുകൊണ്ടുതന്നെ യു.പി തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ നേടിയ മേല്‍ക്കൈ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വന്‍ തിരിച്ചടിയായി ഭവിക്കുമെന്നാണ് മുന്‍കാല ചരിത്രം പാര്‍ട്ടിയെ ഓര്‍മ്മിപ്പിക്കുന്നത്.
സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാണ്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെയുള്ള വികാരം ഇത്തരം തെരഞ്ഞെടുപ്പുകളില്‍ വലിയ തോതില്‍ പ്രതിഫലിക്കാറില്ല. അതും ബി.ജെ.പിക്ക് ഗുണം ചെയ്തു.